സെല്‍ഫി ഡ്രോണുമായി എയര്‍!!!
സെല്‍ഫി എടുക്കുമ്പോള്‍ ഒരു ടോപ്-ആംഗിള്‍ ഷോട്ട് കിട്ടാന്‍ വേണ്ടി നമ്മളൊക്കെ പെടുന്ന പാട് ചില്ലറയൊന്നുമല്ല. സെല്‍ഫി സ്റ്റിക്കുകളുടെ വരവോടെ അത് കുറച്ചൊക്കെ പരിഹരിക്കപ്പെട്ടിരുന്നു. പക്ഷേ, ഒരു സംഘം ആളുകളുടെ സെല്‍ഫി ആണ് എടുക്കേണ്ടത് എങ്കില്‍ സെല്‍ഫി സ്റ്റിക്കുകളും പലപ്പോഴും അപര്യാപ്തമാകുന്ന അവസ്ഥയായിരുന്നു.
ഈ അവസ്ഥയ്ക്ക് ഒരു പരിഹാരവുമായി എയര്‍സെല്‍ഫി എന്ന പേരില്‍ പോക്കറ്റ്-സൈസ്ഡ് പറക്കുംക്യാമറ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. നമ്മുടെ കയ്യിലുള്ള സ്മാര്‍ട്ട്‌ഫോണുമായി ഇന്‍റഗ്രേറ്റ് ചെയ്യാവുന്ന രീതിയിലാണ് എയര്‍സെല്‍ഫി വരുന്നത്.
എയര്‍സെല്‍ഫിയിലെ ടര്‍ബോ പ്രൊപ്പല്ലറുകള്‍ ഉപയോഗിച്ച് 20 മീറ്റര്‍ വരെ ഉയരത്തില്‍ നിന്ന്‍ ഫോട്ടോകളും വീഡിയോകളും എടുക്കാന്‍ സാധിക്കും. ആന്‍റി-വൈബ്രേഷന്‍ ഷോക്ക്-അബ്സോര്‍ബര്‍ സംവിധാനത്തിന്‍റെ പിന്തുണയുള്ള 5-മെഗാപിക്സല്‍ ക്യാമറയാണ് എയര്‍സെല്‍ഫിക്കുള്ളത്.
വെറും 52-ഗ്രാം മാത്രം ഭാരമുള്ള എയര്‍സെല്‍ഫി ഒരു സ്പെഷ്യല്‍ ഫോണ്‍കവര്‍-കം-ചാര്‍ജറില്‍ കൊണ്ടുപോകാം എന്ന സവിശേഷതയുമുണ്ട്. ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ് ഫോമുകളില്‍ ഉപയോഗിക്കാവുന്ന ആപ്പ് വഴി എയര്‍സെല്‍ഫിയുടെ വയര്‍ലെസ് കണ്‍ട്രോളിംഗും സാധ്യമാണ്.