കെജ്രിവാള്‍ അമിത് ഷായുടെ ചാരനാണെന്ന രസകരമായ കോണ്‍സ്പിരസി തിയറി വൈറല്‍!

person access_timeNovember 24, 2016

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ ചാരനാണെന്ന് വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കുന്ന ഒരു ട്വിറ്റര്‍ ഉപയോക്താവിന്‍റെ കോണ്‍സ്പിരസി തിയറി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്ത്രശാലിയായ ഒരു നേതാവാണെന്ന് വരുത്തിത്തീര്‍ക്കുന്ന വിധം അബദ്ധജടിലമായ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടേയിരിക്കുക എന്ന ദൗത്യമാണ് അമിത് ഷാ കെജ്രിവാളിനെ ഏല്‍പ്പിച്ചിരിക്കുന്നത് എന്ന്‍ ഈ തിയറി അവതരിപ്പിച്ച @Being_Humour എന്ന ഹാന്‍റിലില്‍ ഉള്ള ട്വിറ്റര്‍ ഉപയോക്താവ് ആരോപിക്കുന്നു. 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയുടെ വിജയം ഉറപ്പാക്കാനാണ് അമിത് ഷാ കെജ്രിവാളിനെ വച്ച് ഈ തന്ത്രം പയറ്റുന്നത് എന്നാണ് @Being_Humour-പക്ഷം.

84,000-ത്തിലധികം പേര്‍ പിന്തുടരുന്ന @Being_Humour-ന്‍റെ ഈ കോണ്‍സ്പിരസി തിയറി വൈറലായതോടെ പ്രശസ്തരായവരുള്‍പ്പെടെ ഇത് ഷെയര്‍ ചെയ്യാനും ആരംഭിച്ചിട്ടുണ്ട്.

താഴെപ്പറയുന്ന രീതിയിലാണ് ഈ തിയറി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്

- ഒരു കോണ്‍സ്പിരസി തിയറി അനുസരിച്ച് അമിത് ഷാ നിയോഗിച്ച ചാരനാണ് അരവിന്ദ് കെജ്രിവാള്‍. കോണ്‍ഗ്രസിന്‍റെ സീറ്റുകള്‍ കൈപ്പിടിയിലാക്കുന്നതിനു പുറമേ, നരേന്ദ്രമോദിയെ തന്ത്രശാലിയാണെന്ന രീതിയില്‍ ഉയര്‍ത്തിക്കാട്ടത്തക്ക വിധം അബദ്ധജടിലങ്ങളായ ആരോപണങ്ങള്‍ ഉന്നയിക്കുക എന്നതും കെജ്രിവാളിന്‍റെ ദൗത്യമാണ്. കെജ്രിവാളിന്‍റെ ആരോപണങ്ങള്‍ കപട ബുദ്ധിജീവികള്‍ക്ക് ഇഷ്ടപ്പെടുന്ന മട്ടിലുള്ളവയായിരിക്കുമെങ്കിലും പൊതുജനങ്ങള്‍ക്ക് അവയുടെ പൊള്ളത്തരം പെട്ടെന്നു തന്നെ ബോദ്ധ്യപ്പെടും. ഇപ്രകാരം 2019-ല്‍ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തും എന്നകാര്യം ഉറപ്പാക്കാം.

-ഈ നിര്‍ദ്ദിഷ്ട രീതിക്കെതിരെ നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാരണമാണ് കെജ്രിവാളിന് ഉറ്റസുഹൃത്തും അനുയായിയുമായ യോഗേന്ദ്ര യാദവിനെ പുറത്താക്കേണ്ടി വന്നത്. ഇതും അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു.

-നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ അറിയാന്‍ സാധിക്കും, തന്‍റെ റാലികളിലൊക്കെ കെജ്രിവാള്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ ഉയര്‍ത്തിക്കാട്ടുകയാണ് ചെയ്തിരുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം മാത്രമാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്ന രീതി കെജ്രിവാള്‍ സ്വീകരിച്ചത്.

-2019 പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെജ്രിവാളിന്‍റെ പെരുമാറ്റത്തില്‍ വിവേകപൂര്‍ണ്ണത കടന്നുവരും. നരേന്ദ്രമോദി 100-ശതമാനം സത്യസന്ധനാണെന്ന് കാണിക്കാനായി മാത്രമാണ് നോട്ട്നിരോധന നീക്കത്തെ അതിനിശിതമായി കെജ്രിവാള്‍ എതിര്‍ക്കുന്നത്.

-നിങ്ങള്‍ക്ക് ഓര്‍മ്മ കാണുമോ എന്നറിയില്ല, മുമ്പൊരിക്കല്‍ ബാബാ രാംദേവ് നോട്ട്നിരോധനത്തെപ്പറ്റി സംസാരിച്ചപ്പോള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചയാളാണ് കെജ്രിവാള്‍. അങ്ങനെയൊരാള്‍ ഇപ്പോള്‍ അതേനീക്കത്തെ പെട്ടെന്ന് ഏന്തിനെതിര്‍ക്കണം?

-മാത്രമല്ല ഇന്ത്യന്‍ സൈന്യത്തിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്കിന് തെളിവ് ആവശ്യപ്പെടാന്‍ കെജ്രിവാള്‍ നിയോഗിക്കപ്പെടുകയായിരുന്നു. കെജ്രിവാള്‍ തെളിവ് ആവശ്യപ്പെട്ടപ്പോഴാണ് കോണ്‍ഗ്രസ്സും ആ വിഷയം ഏറ്റുപിടിച്ചത്. ഇത്തരത്തില്‍ കെജ്രിവാള്‍ കോണ്‍ഗ്രസ്സിനെ വിഡ്ഢിവേഷം കെട്ടിക്കുകയായിരുന്നു.

ഇങ്ങനെ പോകുന്നു @Being_Humour-ന്‍റെ വാദങ്ങള്‍.