വിസ്മയം തീര്‍ത്ത് ഔഡി; സ്റ്റിയറിങ്ങും പെഡലുമില്ലാത്ത സ്വയം ഡ്രൈവിങ്ങ് കാര്‍
റ്റ ചാര്‍ജില്‍ 700 മുതല്‍ 800 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന സ്വയം ഡ്രൈവ് ചെയ്യുന്ന കാര്‍, ഫ്രാങ്ഫര്‍ട്ട് ഓട്ടോഷോയില്‍ ഔഡി അവതരിപ്പിച്ച കോണ്‍സെപ്റ്റ് കാറിന്റെ പേര് അയ്കോണ്‍. രൂപകല്‍പ്പനയിലെ പഠനവും സാങ്കേതികവിദ്യയുടെ പ്രകടനവും ഭാവിസഞ്ചാരശേഷിയുടെ സങ്കല്‍പ്പവുമാണ് അയ്കോണ്‍ എന്നാണ് ഔഡി പറയുന്നത്.വരുംദശകത്തിലെ വാഹനങ്ങളുടെ ആന്തരിക, ബാഹ്യരൂപങ്ങള്‍ എങ്ങനെയാകും എന്നതിന്റെ ഉദാഹരണമാണ് ഈ മോഡല്‍ എന്നാണ് ഔഡിയുടെ അവകാശവാദം. 5.44 മീറ്റര്‍ നീളവും 2.1 മീറ്റര്‍ വീതിയും 1.506 മീറ്റര്‍ ഉയരവുമുള്ള അയ്കോണ്‍ വലിയ കാറുകളുടെ ഗണത്തില്‍പ്പെട്ട വാഹനമാണ്. 3.47 മീറ്ററുള്ള വീല്‍ബേസ് തന്നെ ഔഡി എ8-നേക്കാള്‍ 24 സെന്റിമീറ്റര്‍ കൂടുതല്‍. പുറത്ത് നിന്ന് നോക്കുമ്പോള്‍ പോലും സഞ്ചാരികള്‍ക്ക് ഇരിക്കാനുള്ള കാബിനാണ് വാഹനത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. മുന്നിലെയും പിന്നിലെയും ഗ്ലാസും ഗോളവടിവില്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന വിന്‍ഡോകളും യാത്രക്കാര്‍ക്ക് വിശാലമായ സ്ഥലത്തിന്റെ പ്രതീതി നല്‍കുന്നു. മുന്നില്‍, തലകീഴായി വെച്ചതുപോലെയുള്ള ആറ് കോണ്‍ സിംഗിള്‍ ഫ്രെയിം ഗ്രില്‍ വരാന്‍ പോകുന്ന ഔഡി ഇലക്ട്രിക് വാഹനങ്ങളുടെയെല്ലാം മുഖമുദ്രയായിരിക്കും.വാഹനങ്ങളില്‍ പതിവുള്ള ഹെഡ്ലൈറ്റുകളും ടെയില്‍ ലാമ്പുകളും അയ്കോണിനില്ല. പകരം ആ സ്ഥലത്ത് വിന്യസിച്ച എല്‍.ഇ.ഡി പിക്സലുകള്‍ റോഡുപയോഗിക്കുന്ന മറ്റുള്ളവരുമായി ആശയവിനിമം നടത്താനുള്ള സാമഗ്രിയാണ്...ഉദാഹരണത്തിന്, നിര്‍ത്തിയിട്ട അയ്കോണിന് മുന്നിലൂടെ കാല്‍നടക്കാരന്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ മറ്റൊരു വാഹനം അപ്പുറത്ത് നിന്നും വരുന്നുണ്ടെങ്കില്‍ എല്‍.ഇ.ഡികള്‍ ചുവപ്പ് നിറത്തില്‍ പ്രകാശിക്കും, ഓടിക്കൊണ്ടിരിക്കുന്ന അയ്കോണ്‍ വേഗം കൂട്ടുകയാണെങ്കില്‍ റോഡിന് സമാന്തരമായി നാട പോലെ പ്രകാശം മുകളിലേക്കും വേഗം കുറക്കുകയാമെങ്കില്‍ താഴോട്ടും നീങ്ങും. ഇതൊന്നും പോരെങ്കില്‍ ഈ പ്രകാശബിന്ദുക്കള്‍ക്ക് റോഡിലേക്ക് അനിമേഷനുകള്‍ പ്രൊജക്റ്റ് ചെയ്യാനുമാവും.സ്വയം ഡ്രൈവിങ്ങ് വാഹനത്തിലെ റഡാര്‍, ലേസര്‍ സെന്‍സറുകള്‍ക്ക് റോഡിലെ വളവുതിരിവുകളും മുന്നിലെ പ്രതിബന്ധങ്ങളും മനസ്സിലാവുമെന്നതിനാലാണ് ഹെഡ്ലൈറ്റുകള്‍ പൂര്‍ണമായി ഉപേക്ഷിച്ചിരിക്കുന്നത്. ഭയപ്പെടേണ്ട, ഇരുട്ടുള്ള സ്ഥലത്ത് കാര്‍ നിര്‍ത്തി പുറത്തിറങ്ങുന്നവര്‍ക്ക് വഴിയില്‍ വെളിച്ചം വീഴ്ത്തന്‍ ഒരു കൊച്ച് ഡ്രോണും പറന്നിറങ്ങിക്കൊള്ളും. മുന്നിലേക്കും പിന്നിലേക്കും നീക്കാനും വശങ്ങളിലേക്ക് തിരിക്കാനും കഴിയുന്ന രണ്ട് സ്വതന്ത്ര സീറ്റുകള്‍ മുന്നിലും അപ്ഹോള്‍സ്റ്റര്‍ ചെയ്ത ബെഞ്ച് സീറ്റ് പിറകിലുമുള്ള കാറിന്റെ ഡോറുകള്‍ മുന്നിലേക്കും പിന്നിലേക്കുമായിട്ടാണ് തുറക്കുന്നത്. അതിനാല്‍ ബി പില്ലര്‍ ഇല്ല. ഇത് വാഹനത്തിനുള്ളില്‍ കൂടുതല്‍ സ്ഥലമുണ്ടെന്ന പ്രതീതിയും ജനിപ്പിക്കും. അരമീറ്റര്‍ വരെ മുന്നോട്ടും പിന്നോട്ടും നീക്കാവുന്ന മുന്‍സീറ്റുകള്‍ 15 ഡിഗ്രി വരെ ഇടത്തോട്ടും വലത്തോട്ടും തിരിക്കാമെന്നതിന് പുറമെ സീറ്റുകളുടെ ഉയരവും ക്രമീകരിക്കാം. ഇടത്തേക്കും വലത്തേക്കുമായി മൊത്തം 30 ഡിഗ്രി തിരിക്കാവുന്ന സീറ്റുകള്‍ കൊണ്ട് രണ്ട് പ്രയോജനമുണ്ട് - പുറത്തേക്ക് തിരിച്ചാല്‍ യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും എളുപ്പം, ഉള്ളിലേക്ക് തിരിച്ചാല്‍ ഓടുന്ന വണ്ടിയില്‍ സഞ്ചാരികള്‍ക്ക് പരസ്പരം മുഖത്ത് നോക്കി കാര്യങ്ങള്‍ പറയുകയും കേള്‍ക്കുകയും ചെയ്യാം. ഉള്ളിലിരിക്കുന്നവര്‍ക്ക് അവര്‍ കാറിലല്ല സ്റ്റാര്‍ ഹോട്ടലിന്റെ ലോഞ്ജിലാണിരിക്കുന്നതെന്നാണ് തോന്നുക. വാഹനങ്ങളില്‍ പതിവുള്ള സ്റ്റിയറിങ്ങ്, ബ്രേക്ക് / ആക്സിലറേറ്റര്‍ പെഡലുകള്‍, ഡയലുകള്‍, നോബുകള്‍...ഒന്നുമില്ലാത്ത ഡാഷ് ബോഡ് തന്നെ ഈ പ്രതീതിക്ക് പ്രഥമകാരണം. സ്വയം വഴി കണ്ടെത്തി ഓടാന്‍ ശേഷിയുള്ള കാറില്‍ എന്തിനാണ് ഡ്രവര്‍ക്ക് വേണ്ടസാമഗ്രികള്‍? അതാണ് ഔഡിയുടെ ഭാവനയിലെ ഭാവികാര്‍. വിന്‍ഡ്ഷീല്‍ഡിനടിയില്‍ തുടങ്ങി ഇരുവശത്തേയും ഡോറുകളുടെ ആംറെസ്റ്റിന് മുകളിലൂടെ വ്യാപിച്ചുകിടക്കുന്ന ടച്ച് സ്‌ക്രീന്‍ ഓരോ യാത്രികനും സിനിമ കാണാനും ഇന്റര്‍നെറ്റില്‍ സര്‍ച്ച് ചെയ്യാനുമൊക്കെ സൗകര്യമൊരുക്കുന്നു. ഇതിന് പുറമെ കാറുടമയെ സാഹായിക്കാന്‍ ഒരു ഡിജിറ്റല്‍ സഹായി -പിഐഎ- കൂടിയുണ്ട്. യാത്രക്കാരന്റെ ഫോണ്‍ വെച്ച് ആളെ തിരിച്ചറിയുന്ന ഈ സഹായി അയാളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കാറിനുള്ളിലെ വെളിച്ചം സീറ്റിന്റെ പൊസിഷന്‍ ഇന്‍ഫോടെയിന്‍മെന്റ് ലേ ഔട്ട് എന്നിവയെല്ലാം സജ്ജമാക്കും.കാറിന്റെ തറയ്ക്ക് കീഴില്‍ സ്ഥാപിച്ച പലക പോലെ ചതുരാകൃതിലുള്ള ബാറ്ററിയും ചക്രങ്ങള്‍ കറക്കാന്‍ മുന്‍-പിന്‍ ആക്സിലുകളില്‍ വെച്ച നാല് ഇലക്ട്രിക് മോട്ടോറുകളുമാണ് അയ്കോണിലെ യന്ത്രസാമഗ്രികള്‍. ഇവ അല്‍പ്പം സ്ഥലം മാത്രമേ അപഹരിക്കുന്നുള്ളു എന്നതിനാല്‍ സഞ്ചാരികള്‍ക്കും ലഗേജിനും സ്ഥലം ഉദാരമായി ലഭിക്കും. നാല് മോട്ടോറുകള്‍ ചേര്‍ന്ന് 350 എച്ച്പിയോളം കരുത്ത്് നല്‍കുന്ന അയ്കോണിന് 130 കിലോമീറ്റര്‍ വരെ സ്പീഡില്‍ അനായാസമായി സഞ്ചരിക്കനാവും.