ബിജെപി എംപിമാരോടും എംഎല്‍എമാരോടും അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി
നവംബര്‍ 8-നും ഡിസംബര്‍ 31-നും ഇടയ്ക്ക് നടത്തിയതും, നടത്തുന്നതുമായ ബാങ്കിംഗ് ഇടപാടുകളുടെ വിവരങ്ങള്‍ എല്ലാ ബിജെപി നിയമസഭാ സാമാജികരും, പാര്‍ലമെന്‍റേറിയന്മാരും പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കു നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു.
കറന്‍സിനിരോധനം സംബന്ധിച്ച തന്‍റെ നിലപാടുകളിലെ സുതാര്യത ഉറപ്പാക്കാനും, പ്രസ്തുത നീക്കത്തിലെ സത്യസന്ധത സംശയലേശമന്യേ തെളിയിക്കാനുമാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം ഉയര്‍ത്തുന്ന എതിര്‍പ്പിനെ മറികടക്കാനും ഈ നീക്കത്തിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നതായി പറയപ്പെടുന്നു.
ഈ വിഷയത്തില്‍ തുടര്‍ച്ചയായ 11-ആം ദിവസവും പ്രതിപക്ഷം പാര്‍ലമെന്‍റ് നടപടികള്‍ തടസ്സപ്പെടുത്തി. ഭരണകക്ഷിയോട് അടുപ്പമുള്ള ചിലര്‍ക്കായി കറന്‍സിനിരോധന നീക്കത്തിന്‍റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നു എന്ന്‍ ആരോപിച്ച പ്രതിപക്ഷം ഈ ആരോപണം അന്വേഷിക്കുന്നതിനായി ഒരു സംയുക്ത പാര്‍ലമെന്‍ററി കമ്മിറ്റി രൂപീകരിക്കണം എന്ന ആവശ്യവും ഉന്നയിച്ചു. ഗവണ്മെന്‍റ് ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയും ചെയ്തു.
സ്വന്തം പാര്‍ട്ടി നേതാക്കന്മാര്‍ ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണം എന്ന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. മറ്റു പാര്‍ട്ടികളും ഇപ്പോള്‍ ഈ നീക്കത്തെ പിന്തുണച്ച് തങ്ങളുടെ നേതാക്കളോടും ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണം എന്ന ആവശ്യം ഉന്നയിക്കേണ്ട അവസ്ഥയാണ്. ഈ നീക്കത്തോട് പക്ഷേ പ്രതിപക്ഷകക്ഷികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
