ചെന്നൈ തീരത്തേക്ക് നാഡ ചുഴലിക്കാറ്റ്; തമിഴ്നാട്ടില്‍ ജാഗ്രതാ നിര്‍ദ്ദേശം

person access_timeNovember 30, 2016

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'നാഡ' ചുഴലിക്കാറ്റ് തമിഴ്നാട് തീരത്ത് വെള്ളിയാഴ്ച എത്തുമെന്ന് കരുതുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ചുഴലിക്കാറ്റിനേതുടര്‍ന്ന് കനത്ത മഴ തമിഴ്നാടിന്റെ കിഴക്കന്‍ തീരങ്ങളില്‍ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട് തീരത്ത് നിന്ന് 770 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റെന്നും മണിക്കൂറില്‍ 25 കിലോമീറ്ററാണ് അതിന്റെ വേഗമെന്നും അറിയിപ്പില്‍ പറയുന്നു.

അടുത്ത 12 മണിക്കൂര്‍ നിര്‍ണായകമാണ്. ചുഴലിക്കാറ്റ് ഈ സമയംകൊണ്ട് ശക്തമായി തീരും. ഡിസംബര്‍ ഒന്നിന് രാത്രിയിലോ രണ്ടിന് പുലര്‍ച്ചയ്ക്കോ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്ത് പ്രവേശിക്കും.

ഒന്നിന് തന്നെ ഇതിന്റെ പ്രഭാവം മുലം തമിഴ്നാട്ടില്‍ ശക്തമായ മഴ ആരംഭിക്കും. വേദാരണ്യത്തിനും ചെന്നയ്ക്കുമിടയിലാണ് ചുഴലിക്കൊടുങ്കാറ്റ് കരയില്‍ പ്രവേശിക്കുക. കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ തീരത്തെത്തുന്ന ഈ ചുഴലിക്കാറ്റിന് നാഡ എന്ന പേര് നിര്‍ദ്ദേശിച്ചത് ഒമാനാണ്.