ട്രിപ്പിള്‍ എക്സിന് ശേഷം ശ്രദ്ധേയമായ മറ്റൊരു ഇന്‍റര്‍നാഷണല്‍ പ്രോജക്റ്റുമായി ദീപിക പാദുകോണ്‍

person access_timeNovember 11, 2016

വിന്‍ ഡീസലിനൊപ്പം ട്രിപ്പിള്‍ എക്സ്: റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് എന്ന ബ്രഹ്മാണ്ഡചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ദീപിക പാദുകോണ്‍, ചിത്രത്തിന്‍റെ റിലീസിനു മുമ്പ് തന്നെ അടുത്ത ഇന്‍റര്‍നാഷണല്‍ പ്രൊജക്റ്റില്‍ അഭിനയക്കാന്‍ തുടങ്ങി. വിശ്വപ്രസിദ്ധ ഇറാനിയന്‍ സംവിധായകന്‍ മജീദ്‌ മജീദിയുടെ അടുത്ത പ്രൊജക്റ്റിലാണ് ദീപിക അഭിനയിക്കുന്നത്. യാഥാസ്ഥിതിക മതവിശ്വാസികളുടെ അപ്രീതിക്ക് പാത്രമായ "മുഹമ്മദ്‌: ദി മെസഞ്ചര്‍ ഓഫ് ഗോഡ്" എന്ന ചിത്രമടക്കം സിനിമാപ്രേമികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഒരുപിടി ചിത്രങ്ങളുടെ സംവിധായകനാണ് മജീദ്‌ മജീദി. "മുഹമ്മദ്‌: ദി മെസഞ്ചര്‍ ഓഫ് ഗോഡ്"-നായി സംഗീതമൊരുക്കിയത് നമ്മുടെ സ്വന്തം എ.ആര്‍.റഹ്മാനായിരുന്നു.

മുംബൈയിലെ പ്രശസ്തമായ ധോബിഘട്ടിലാണ് ദീപിക അഭിനയിക്കുന്ന രംഗങ്ങള്‍ മജീദി ചിത്രീകരിച്ചത്. ദീപികയുടെ ട്വിറ്റര്‍ ഫാന്‍അക്കൗണ്ടില്‍ ചിത്രീകരണത്തിന്‍റെ ചിത്രങ്ങള്‍ വന്നത് ഇന്‍റര്‍നെറ്റില്‍ വൈറലായി മാറുകയും ചെയ്തു. പ്രോജക്റ്റിന്‍റെ വിശദവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ #SecretProject എന്ന ഹാഷ്ടാഗിലാണ് ദീപിക ആരാധകര്‍ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തത്. മുംബൈക്ക് പുറമേ ഡല്‍ഹി, രാജസ്ഥാന്‍, കാശ്മീര്‍ എന്നിവിടങ്ങളിലും ഈ പ്രോജക്റ്റിന്‍റെ ചിത്രീകരണം നടക്കും എന്നാണ് ലഭ്യമായ വിവരങ്ങള്‍.

ഒട്ടും തന്നെ മെയ്ക്ക്അപ്പ് ഇല്ലാതെ, തികഞ്ഞ ഒരു സാധാരണക്കാരിയുടെ വേഷവിധാനങ്ങളോടെയാണ് ദീപിക തന്‍റെ രംഗങ്ങളില്‍ മജീദിയുടെ സംവിധാനത്തില്‍ അഭിനയിച്ചത്. നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ "ചില്‍ഡ്രന്‍ ഓഫ് ഹെവന്‍", "കളര്‍ ഓഫ് പാരഡൈസ്", "സോങ്ങ് ഓഫ് സ്പാരോസ്" തുടങ്ങിയ ക്ലാസ്സിക് ഇറാനിയന്‍ ചിത്രങ്ങളുടെ സംവിധായകനാണ് മജീദ്‌ മജീദി.