ഡ്രോണുമായുള്ള കൂട്ടിയിടിയില്‍ നിന്ന് വിമാനം ഒഴിവായത് തലനാരിഴയ്ക്ക്
ഹീത്രോവില്‍ ഡ്രോണുമായുള്ള കൂട്ടിയിടിയില്‍ നിന്ന് വിമാനം ഒഴിവായത് തലനാരിഴയ്ക്ക്. 165 യാത്രക്കാരുമായി ലാന്‍ഡിംഗിന് ശ്രമിച്ച എയര്‍ബസ് എ 320 വിമാനമാണ് ഡ്രോണുമായി കൂട്ടിയിടിച്ചുണ്ടാവുമായിരുന്ന വന്‍ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരിക്കുന്നത്. 65 അടി അകലത്തില്‍ നിന്ന് മാത്രമാണ് കൂട്ടിയിടിയില്‍ നിന്ന് പൈലറ്റ് നടത്തിയ സമയോചിതമായ നടപടിയിലൂടെ അപകടം ഉണ്ടാകാതെ രക്ഷപ്പെട്ടത്.
വിമാനം ഹീത്രോവില്‍ ഇറക്കാന്‍ നേരമാണ് ഡ്രോണ്‍ പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടത്. ഡ്രോണ്‍ വിമാനത്തിന്റെ വലത്തെ ചിറകിന് തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ പറന്നുവെന്നാണ് ക്രൂ വിശ്വസിക്കുന്നത്. ജൂലൈ 18ന് നടന്ന സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഇപ്പോഴാണ് പുറത്ത് വന്നിരിക്കുന്നത്. ഏഴ് കിലോയോ അതിന് താഴെയോ ഭാരമുള്ള ഡ്രോണുകള്‍ക്ക് പറക്കാനുള്ള പരിധി നിശ്ചയിച്ചിട്ടില്ലെന്നത് ഗുരുതരമായ സുരക്ഷാപ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് ഏവിയേഷന്‍ വിദഗ്ദ്ധര്‍ മുന്നറിയിപ്പേകുന്നത്.
ഡ്രോണുകള്‍ പരീക്ഷണപ്പറക്കല്‍ നടത്തുന്നതിനിടെ യാത്രാ വിമാനങ്ങളുമായി മനഃപൂര്‍വം കൂട്ടിയിടിപ്പിക്കുന്ന സംഭവങ്ങള്‍ ഭീതിയാണുയര്‍ത്തുന്നത്. ബ്രിട്ടനില്‍ നിലവില്‍ രണ്ട് മില്യണ്‍ ഡ്രോണുകള്‍ പറക്കുന്നുണ്ടെന്നാണ് നാഷണല്‍ എയര്‍ ട്രാഫിക്ക് സര്‍വീസ് കണക്ക് കൂട്ടുന്നത്. നല്ല നിരവാരമുള്ള ഡ്രോണുകള്‍ 500 പൗണ്ട് കൊടുത്താല്‍ വാങ്ങാന്‍ സാധിക്കും. ഇവ വിമാനങ്ങള്‍ക്ക് ഭീഷണിയാണുണ്ടാക്കുന്നത്.