സിനിമകൾ റിലീസ് ചെയ്യാൻ തീരുമാനം
കൊച്ചി: കേരളത്തിലെ എ ക്ലാസ് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തിയറ്ററുകൾ ഒഴിവാക്കി മറ്റു തിയറ്ററുകളിൽ സിനിമകൾ റിലീസ് ചെയ്യാൻ നിർമാതാക്കളുടെ സംഘടന തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 12ന് വിനീത് നായകനായ കാംബോജി റിലീസ് ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രതിസന്ധി പരിഹരിക്കുന്നതിന് 19നകം എക്സിബിറ്റേഴ്സ് ഫെഡറേഷനിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ഇവരുടെ തീയറ്ററുകൾക്ക് ഭാവിയിൽ ഒരു സിനിമയും നൽകേണ്ടതില്ലെന്നും നിർമാതാക്കളുടെയും വിതരണക്കാരുടെയും കൊച്ചിയിൽ ചേർന്ന യോഗം തീരുമാനിച്ചു.
സിനി എക്സിബിറ്റേഴ്സിന്റെ തിയേറ്റുകളിലും മൾട്ടിപ്ലക്സുകളിലും സർക്കാർ തിയറ്ററുകളിലും മറ്റുമാണ് സിനിമകൾ റിലീസ് ചെയ്യുക. 19 മുതൽ മറ്റ് നാലു സിനിമകൾ ഓരോന്നായി റിലീസ് ചെയ്യും. തുടക്കത്തിൽ നൂറോളം തിയറ്ററുകളിലാണ് റീലിസിംഗ് നടത്തുക.
ഫെഡറേഷന്റെ തിയറ്ററുകൾ ഒഴിവാക്കി 19ന് തമിഴ് സിനിമ “ഭൈരവ’ പ്രദർശിപ്പിക്കാനും തീരുമാനമായി. ഇതേ മാതൃകയിൽ വരും ദിവസങ്ങളിലും മറ്റ് ഭാഷാ ചിത്രങ്ങൾ റിലീസ് ചെയ്യാനാണു ശ്രമം. ഒരാഴ്ച ഇടവിട്ട് പുതിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഫെഡറേഷനിൽ അംഗങ്ങളായ ഏതാനും തിയറ്ററുകളും ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ തയാറായതായി ഭാരവാഹികളായ എം. രഞ്ജിത്, സിയാദ് കോക്കർ, ജി. സുരേഷ്കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ 16ന് ആരംഭിച്ച സിനിമാ പ്രതിസന്ധിയെത്തുടർന്ന് മോഹൻലാലിന്റെ ‘മുന്തിരി വള്ളികൾ തളിർക്കുമ്പോൾ’, ദുൽഖർ സൽമാന്റെ ‘ജോമോന്റെ സുവിശേഷങ്ങൾ’, പൃഥ്വിരാജിന്റെ ‘എസ്ര’, ജയസൂര്യയുടെ ‘ഫുക്രി’ തുടങ്ങിയ സിനിമകളുടെ റീലീസിംഗ് തടസപ്പെട്ടിരുന്നു. ഈ സിനിമകൾ ഇടവിട്ട് പ്രദർശിപ്പിക്കാനാണ് നിർമാതാക്കളുടെയും വിതരണക്കാരുടെയും നീക്കം.
ചൊവ്വാഴ്ച ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ യോഗം ചേരാനിരിക്കെയാണ് അവരെ സമ്മർദത്തിലാക്കിയുള്ള തീരുമാനവുമായി നിർമാതാക്കൾ രംഗത്തെത്തി യിരിക്കുന്നത്.
