‘സാര്‍ ഇവിടെ തീപിടുത്തമാണ്,എല്ലാം ശരിയാക്കാം ആദ്യം ദേശീയഗാനം കേള്‍ക്കൂ’; നോട്ട് നിരോധനത്തേയും സുപ്രീംകോടതി വിധിയേയും പരിഹസിച്ച് അമേരിക്കന്‍ ഹാസ്യ പരിപാടി.
വാഷിംഗ്ടണ്‍: കേന്ദ്ര സര്‍ക്കാരിന്റേയും സുപ്രീംകോടതിയുടേയും അപ്രതീക്ഷിത തീരുമാനങ്ങളില്‍ ഉലഞ്ഞിരിക്കുകയാണ് ഇന്ത്യ ജനത. നവംബര്‍ 8 നായിരുന്നു രാജ്യത്തെ ജനങ്ങളെ ഒന്നടങ്കം പിടിച്ചു കുലുക്കി കൊണ്ട് 500 ന്റേയും 1000 ന്റേയും നോട്ടുകള്‍ നിരോധിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന വരുന്നത്. അപ്രതീക്ഷിത തീരുമാനത്തിന്റെ ആഘാതം ഇനിയും ജനത്തെ വിട്ടുമാറിയിട്ടില്ല. ബാങ്കുകള്‍ക്കും എടിഎം കൗണ്ടറുകള്‍ക്കും മുന്നില്‍ ഇപ്പോഴും നീണ്ട ക്യൂ തുടരുകയാണ്. കയ്യില്‍ പണമില്ലാതായ പൊതുജനം നട്ടം തിരിയുകയാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയെ തന്നെ തീരുമാനം ബാധിച്ചു.
രണ്ടാമത്തെ തീരുമാനം വന്നത് സുപ്രീം കോടതിയില്‍ നിന്നുമായിരുന്നു. രാജ്യത്തെ എല്ലാ തിയ്യറ്ററുകളിലും സിനിമയുടെ പ്രദര്‍ശനത്തിന് മുമ്പായി ദേശീയ ഗാനം കേള്‍പ്പിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ രാജ്യസ്‌നേഹവും ദേശഭക്തിയും വളര്‍ത്തിയെടുക്കുകയാണ് വിധിയുടെ ലക്ഷ്യം. നോട്ട് നിരോധനവും തിയ്യറ്ററുകളിലെ ദേശീയഗാനവും രാജ്യമെമ്പാടും ചര്‍ച്ചയ്ക്ക് പാത്രമായിട്ടുണ്ട്. ഇന്ത്യയിലെ പുതിയ തീരുമാനങ്ങളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ ഹാസ്യ ചാനലായ കോമഡി സെന്റ്രലിലെ ദ ഡെയ്‌ലി ഷോ അവതാരകന്‍ ട്രെവര്‍ നോഹ.
ദ ഡെയ്‌ലി ഷോയിലെ ‘ഇന്ത്യയുടെ അസാധാരണമായ പുതിയ പദ്ധതികള്‍’ എന്ന ഭാഗത്തിലാണ് രണ്ട് തീരുമാനങ്ങളേയും പരിഹസിച്ചിരിക്കുന്നത്. നോട്ട് നിരോധനത്തിന് ശേഷം 1000,500 നോട്ടുകള്‍ ഹില്ലരിയുടെ ഉദ്ഘാടന പരിപാടികളുടെ ടിക്കറ്റ് പോലെ ഉപയോഗ ശൂന്യമായെന്നാണ് നോഹ പറയുന്നത്. നോട്ട് നിരോധനം മണ്ടന്‍ തീരുമാനമാണെന്നും രാജ്യത്തെ ജനങ്ങള്‍ തീരുമാനത്തില്‍ കുപിതരാണെന്നും നോഹ പറയുന്നുണ്ട്. പണം പിന്‍വലിക്കാനായി എടിഎമ്മുകള്‍ക്ക് മുമ്പിലെ നീണ്ട ക്യൂവിനേയും നോഹ പരിഹസിക്കുന്നുണ്ട്.
രാജ്യത്തെ എല്ലാ തിയ്യറ്ററുകളിലും ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന സുപ്രീം കോടതി വിധിയേയും കണക്കിന് പരിഹസിക്കുന്നുണ്ട് പരിപാടിയില്‍. അശ്ലീല ചിത്രങ്ങള്‍ കാണാന്‍ തിയ്യറ്ററുകളില്‍ എത്തുന്ന പ്രേക്ഷകരുടെ അവസ്ഥയെക്കുറിച്ചാണ് നോഹ പറയുന്നത്. പ്യാര്‍ കി യേക്ക് രാത് എന്ന അശ്ലീല ചിത്രത്തിന്റെ പോസ്റ്റര്‍ പശ്ചാത്തലത്തില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു നോഹ വിധിക്കെതിരായ പരിഹാസ ശരങ്ങള്‍ തൊടുത്തുവിട്ടത്.
തിയ്യറ്ററുകള്‍ക്ക് ശേഷം രാജ്യത്തെ മുഴുവന്‍ പലചരക്ക് കടകളിലും ദേശീയഗാനം കേള്‍പ്പിക്കാന്‍ ആരംഭിക്കും, പിന്നീട് ദേശീയ ഗാനത്തിന് മുമ്പായി പോലും ദേശീയഗാനം കേള്‍പ്പിക്കുമെന്നും നോഹ പരിഹസിക്കുന്നു. തീപിടുത്തപോലുള്ള അടിയന്തര സഹായത്തിനായി വിളിക്കുമ്പോള്‍ എല്ലാം ശരിയാക്കാം ആദ്യം ദേശീയഗാനം കേള്‍ക്കൂ എന്ന് പറയുന്ന തരത്തിലേക്ക് എത്തുമെന്നും നോഹ പറയുന്നു.