ജയലളിത അന്തരിച്ചു

person access_timeDecember 06, 2016

തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയുമായ കുമാരി ജെ. ജയലളിത (68) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ തിങ്കളാഴ്​ച രാത്രി 11.30 ഒാടെയായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന് സെപ്റ്റംബറിലാണ് ജയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ത്യയിലെയും വിദേശത്തെയും ഡോക്ടർമാരുടെ ചികിത്സയിൽ രോഗമുക്തയായി വീട്ടിലേക്ക് മടങ്ങുവാനിരിക്കെയാണ് ജയക്ക് ഞായറാഴ്ച വൈകീട്ട് ഹൃദയാഘാതമുണ്ടായത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കൃത്രിമ ഉപകരണത്തിന്‍റെ സഹായത്തിലാണ് മുഖ്യമന്ത്രിയുടെ ജീവൻ നിലനിർത്തിയിരുന്നത്. സംസ്​ഥാനമെങ്ങും കനത്ത ജാഗ്രതയും സുരക്ഷാ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അക്രമസംഭവങ്ങൾ തടയാൻ സൈന്യവും രംഗത്തുണ്ട്. ഞായറാഴ്ച വൈകീട്ട് ഹൃദയാഘാതമുണ്ടായതിനു ശേഷം ജയയുടെ ആരോഗ്യത്തെക്കുറിച്ച് കടുത്ത ആശങ്കയിലായിരുന്നു തമിഴ്നാട്. തിങ്കളാഴ്ച രാവിലെ മുതൽ പലതരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. അതിനിടയിൽ ജയയുടെ ആരോഗ്യനില അത്യന്തം വഷളാണെന്നും എന്തും സംഭവിക്കാമെന്ന ആശുപത്രി പുറത്തിറക്കിയ വാർത്താ ബുള്ളറ്റിൻ ഏറെ ആശങ്ക പരത്തി. ഇന്നു വൈകുന്നേരം നാലരയ്ക്ക് മറീനാ ബീച്ചിൽ എംജിആർ സ്മാരകത്തിനടുത്തായിരിക്കും ജയയ്ക്കും അന്ത്യവിശ്രമസ്ഥലമൊരുങ്ങുക.... തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടർന്ന് കേരളത്തിലും അവധി പ്രഖ്യാപിച്ചു. സർക്കാർ ഒാഫിസുകൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.ബാങ്കുകൾ പ്രവർത്തിക്കും.