മാതാപിതാക്കള്‍ നിര്‍മിച്ച വീട്ടില്‍ താമസിക്കാന്‍ മകന് അവകാശമില്ലെന്ന് കോടതി
മാതാപിതാക്കള്‍ സ്വന്തമായി സമ്പാദിച്ചുണ്ടാക്കിയ വീട്ടില്‍ താമസിക്കാന്‍ മകനു നിയമപരമായ അവകാശമില്ലെന്ന് കോടതി. ഡല്‍ഹി ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മകന്‍ വിവാഹിതനാണെങ്കിലും അല്ലെങ്കിലും കാരുണ്യത്തില്‍ മാത്രമേ അവരുടെ വീട്ടില്‍ താമസിക്കാനാവൂ എന്നും വിധിയില്‍ പറയുന്നു. സ്‌നേഹത്തോടെ മുന്‍പു താമസിച്ചിരുന്നു എന്നതുകൊണ്ട് ജീവിതകാലം മുഴുവന്‍ മക്കളെ ചുമക്കേണ്ട ബാധ്യത മാതാപിതാക്കള്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മാതാപിതാക്കള്‍ അനുവദിക്കുന്നിടത്തോളം കാലമേ മകന് അവിടെ താമസിക്കാനവകാശമുള്ളൂ എന്നും ജസ്റ്റിസ് പ്രതിഭാ റാണി വിധിയില്‍ പറഞ്ഞു. തന്റെ മകനും മരുമകളും അനധികൃതമായി തന്റെ വീട്ടില്‍ താമസിക്കുകയാണെന്നും അവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഒരു പിതാവ് സമര്‍പ്പിച്ചിരുന്ന ഹര്‍ജി കീഴ്‌ക്കോടതി അനുവദിച്ചിരുന്നു. വീടിന്റെ നിര്‍മ്മാണത്തിനായി തങ്ങളും പണം മുടക്കിയിട്ടുണ്ടെന്ന് മക്കള്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളൊന്നും തെളിയിക്കാന്‍ മക്കള്‍ക്കായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.