മീശപ്പുലിമലയുടെ മുകളില്‍ നിന്ന്‍ മേഘക്കൂട്ടങ്ങളോട് സല്ലപിക്കാം....
കൊച്ചി-ധനുഷ്കോടി ദേശീയപാതയായ എന്‍.എച്ച്-85 ഇപ്പോള്‍ സാഹസികയാത്രാപ്രിയരുടെ ഒരിഷ്ടപാതയാണ്. കൊച്ചിയില്‍ നിന്ന്‍ ഈ പാതയിലൂടെ 131-കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ "ട്രെക്ക്" ചെയ്യാന്‍ സാധിക്കുന്ന കേരളത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ മീശപ്പുലിമലയുടെ താഴ്വാരപ്രദേശത്ത് എത്താം. ആനമുടി കഴിഞ്ഞാല്‍ ഉയരത്തിന്‍റെ കാര്യത്തില്‍ പശ്ചിമഘട്ട കൊടുമുടികളുടെ ഇടയില്‍ രണ്ടാമനാണ് മീശപ്പുലിമല. സമുദ്രനിരപ്പില്‍ നിന്ന്‍ 2,640-മീറ്റര്‍ (8,661-അടി) ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ പര്‍വ്വതഭീമന് പുലിയുടെ മുഖവുമായി ഉള്ള സാമ്യം നിമിത്തമാണ് "മീശപ്പുലിമല" എന്ന പേര് വീണത്. ആനമുടിയേക്കാള്‍ 48-അടി മാത്രം ഉയരക്കുറവേയുള്ളൂ മീശപ്പുലിമലയ്ക്ക്!
കേരളാ ഫോറസ്റ്റ് ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍റെ (കെ.എഫ്.ഡി.സി)-യുടെ മേല്‍നോട്ടത്തിലാണ് മീശപ്പുലിമലയിലേക്കുള്ള ട്രെക്കിംഗ് യാത്രകള്‍ നടത്തപ്പെടുന്നത്. മൂന്നാറില്‍ നിന്ന്‍ മാട്ടുപ്പെട്ടി റൂട്ടില്‍ 24-കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മീശപ്പുലിമലയുടെ ബേസ്ക്യാമ്പില്‍ എത്താം. അരുവിക്കാട് എസ്റ്റേറ്റ് വഴിയാണ് ഈ യാത്ര. മൂന്നാറിന്‍റെ പ്രകൃതിഭംഗിയും കുളിര്‍മ്മയും ആവോളം നുകര്‍ന്ന്‍ അരുവിക്കാട് എസ്റ്റേറ്റിലൂടെ മീശപ്പുലിമലയിലേക്ക് പോകുന്ന വഴിയിലാണ് പുരാണപ്രസിദ്ധമായ "പാണ്ഡവന്‍ ഗുഹ". കള്ളച്ചൂതില്‍ പരാജയപ്പെട്ട് 12-വര്‍ഷത്തെ വനവാസത്തിന് പോകേണ്ടിവന്ന സമയത്ത് ദ്രൗപദിയോടൊപ്പം പഞ്ചപാണ്ഡവര്‍ താമസിച്ച ഗുഹയാണ് ഇതെന്നാണ് കരുതപ്പെടുന്നത്. കേരളീയഹരിതവനങ്ങളുടെ മാത്രം പ്രത്യേകതയായ ഒരു ജീവവ്യവസ്ഥയുടെ നേര്‍ച്ചിത്രം ഈ ഗുഹയ്ക്കുള്ളില്‍ കാണാം. ഫോട്ടോഗ്രഫി കുതുകികളുടെ ഒരു സ്വപ്നഭൂമിക എന്ന്തന്നെ പാണ്ഡവന്‍ ഗുഹയെ വിശേഷിപ്പിക്കാം.
ട്രെക്കിംഗിനും, ക്യാമ്പിംഗിനുമുള്ള എല്ലാ സൗകര്യങ്ങളും കെ.എഫ്.ഡി.സി ബേസ്ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. വിദഗ്ദരായ ഗൈഡുകളുടെ സേവനവും ലഭ്യമാണ്. ബേസ്ക്യാമ്പില്‍ നിന്ന്‍ 4-കിലോമീറ്റര്‍ അകലത്തിലുള്ള റോഡോവാലി വരെ വാഹനങ്ങള്‍ കടന്നുചെല്ലും. തുടര്‍ന്നുള്ള ദൂരം നടന്നുകയറാന്‍ മനസുള്ളവരെ കാത്ത് മീശപ്പുലിമലയുടെ മനോഹാരിതയെന്ന വിഭവസമൃദ്ധമായ സദ്യ പ്രകൃതി ഒരുക്കിവച്ചിരിക്കുന്നു. ടെന്‍റ് കെട്ടി ക്യാമ്പിംഗിന്‍റെ ആനന്ദം - പ്രത്യേകിച്ച് രാത്രി ക്യാമ്പിംഗിന്‍റെ - അനുഭവിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് റോഡോവാലിയില്‍ അതിനുള്ള സൗകര്യവും ലഭ്യമാണ്. പൈന്‍മരങ്ങള്‍ ഇടതൂര്‍ന്ന പാതയിലൂടെയാണ് റോഡോവാലിയില്‍ നിന്ന്‍ മീശപ്പുലിമലയിലേക്കുള്ള സാഹസികയാത്ര ആരംഭിക്കുന്നത്. നീര്‍ച്ചോലകളും, സ്ഫടികശുദ്ധമായ ജലംനിറഞ്ഞ അരുവികളും, പച്ചപ്പുല്‍മേടുകളും കടന്ന്‍ ഒട്ടുദൂരം പിന്നിടുമ്പോഴേക്കും സഞ്ചാരികളെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ മേഘക്കൂട്ടങ്ങള്‍ കടന്നു പോകുന്ന ഉയരത്തിലെത്താം. നടന്നു പോകുന്ന വഴികളില്‍ കാണാന്‍ സാധിക്കുന്ന അപൂര്‍വ്വഇനത്തില്‍പ്പെട്ട ഒരു പുഷ്പമാണ് റോഡോഡെന്‍ഡ്രോണ്‍. റോഡോവാലിക്ക് ഈ പേര് വരാന്‍ കാരണം ഈ റോഡോഡെന്‍ഡ്രോണുകളുടെ സാന്നിദ്ധ്യമാണ്.
പുലര്‍കാലത്ത് തന്നെ റോഡോവാലിയില്‍ നിന്ന്‍ ട്രെക്കിംഗ് ആരംഭിക്കുന്നവര്‍ക്ക് റോഡോവലിക്കു സമീപമുള്ള മലയില്‍ നിന്നാല്‍ സൂര്യോദയം കാണാം. ഈ മലയില്‍ നിന്നുള്ള താഴ്വാരത്തിന്‍റെ വിഹഗവീക്ഷണം, കവികല്‍പ്പനകളില്‍ മാത്രമെങ്ങോ ഉള്ള ഒരു ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. ആനമുടിയും, ചോക്രന്‍മുടിയും, പഴനിമലയും ഒക്കെ ഇവിടെനിന്ന്‍ അതിവിദൂരതയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കാണാന്‍ സാധിക്കും. മീശപ്പുലിമലയുടെ ഉന്നതങ്ങളിലേക്കുള്ള യാത്രക്കിടയില്‍, ഭാഗ്യമുണ്ടെങ്കില്‍, പശ്ചിമഘട്ടത്തിലെ തനത് അന്തേവാസികളായ ആനക്കൂട്ടങ്ങള്‍, നിലഗിരി താറുകള്‍, കാട്ടുപോത്തുകള്‍ തുടങ്ങിയവ അവയുടെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥയുടെ മടിത്തട്ടില്‍ പരിലസിക്കുന്നതായി കാണാന്‍ സാധിക്കും.
സമുദ്രനിരപ്പില്‍ നിന്ന്‍ 8,661-അടി ഉയരത്തിലുള്ള മീശപ്പുലിമലയുടെ മുകളില്‍ നിന്ന്‍ താഴേക്ക് നോക്കുമ്പോള്‍ കാണാന്‍ സാധിക്കുന്ന പനോരമിക് കാഴ്ചകള്‍ വര്‍ണ്ണനകള്‍ക്കതീതമാണ്. ആനമുടി എന്ന പര്‍വ്വതഭീമനും, മാട്ടുപ്പെട്ടി, ആനയിറങ്ങല്‍ അണക്കെട്ടുകളുടെ ജലസംഭരണികളും മനോഹരമായ കൃത്യതയോടെ ഇവിടെനിന്ന്‍ ദൃഷ്ടിഗോചരമാണ്. തമിഴ്നാടിന്‍റെ നാടന്‍ഭംഗികളും കാഴ്ചയ്ക്ക് കുളിരേകിക്കൊണ്ട് അനുഭവവേദ്യമാണ്. കുറിഞ്ഞി വെള്ളച്ചാട്ടം ഉള്‍പ്പെടെയുള്ള ഒട്ടനവധി ജലപാതങ്ങളും മീശപ്പുലിമലയുടെ മുകളിലെത്തുന്ന സഞ്ചാരികളുടെ അനുഭൂതികളെ തഴുകിയുണര്‍ത്താന്‍ വിരുന്നൊരുക്കി നില്‍ക്കുന്നു.
സാഹസികതയുടെ ഊര്‍ജ്ജപ്രവാഹവും, സ്വര്‍ഗ്ഗീയമായ പ്രകൃതിസൗന്ദര്യത്തിന്‍റെ ഉള്ളംതണുപ്പിക്കുന്ന നൈര്‍മല്ല്യവും അനുഭവിച്ചറിയാനായി മീശപ്പുലിമല എന്ന ഈ കേരളീയഅത്ഭുതത്തിന്‍റെ ഉയരങ്ങളിലേക്ക് ഒരു യാത്ര സഞ്ചാരപ്രിയര്‍ക്ക് ഒഴിച്ചു കൂടാനാകാത്തത് തന്നെയാണ്.
മീശപ്പുലിമലയിലേക്ക് പോകുമ്പോള്‍ നിയമപരമായ മാര്‍ഗ്ഗം തന്നെ സ്വീകരിക്കുക
കെ.എഫ്.ഡി.സിയുടെ മേല്‍നോട്ടത്തില്‍ നടത്തിവരുന്ന ട്രെക്കിംഗ് മാത്രമാണ് മീശപ്പുലിമലയാത്രയ്ക്കുള്ള ഏക നിയമപരമായ ട്രെക്കിംഗ്. തമിഴ്നാട് സൈഡിലുള്ള കൊളുക്ക്മല വഴിയും ധാരാളം സഞ്ചാരികള്‍ മീശപ്പുലിമലയില്‍ എത്തുന്നുണ്ട്. പക്ഷേ, ഈ അനധികൃതമാര്‍ഗ്ഗത്തിലൂടെ വരുന്നവര്‍ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങളും മറ്റും മീശപ്പുലിമലയിലെ പരിസ്ഥിതിക്ക് ഒരു ഭീഷണിയായി മാറിത്തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് കെ.എഫ്.ഡി.സി നടത്തുന്ന ട്രെക്കിംഗില്‍ മാത്രം, മീശപ്പുലിമലയുടെ പ്രകൃതിയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് , പങ്കെടുക്കാന്‍ ശ്രദ്ധിക്കുക.
ബേസ്ക്യാമ്പില്‍ ടെന്‍റ് കെട്ടിയുള്ള താമസത്തിനു 2 പേര്‍ക്ക് 3500 രൂപ ആണ് മുടക്കേണ്ടിവരിക. ഇതിനു സമീപം തന്നെയുള്ള സ്കൈ കോട്ടജില് 2 പേര്‍ക്ക് 7000 രൂപയാണ് ഈടാക്കുക. ബേസ്ക്യാമ്പില് നിന്നും 6-7 കിലോമീറ്റര് അകലെ റോഡോ വാലിയില് സ്ഥിതി ചെയ്യുന്ന റോഡോ മാന്‍ഷനിലും 2 പേര്‍ക്ക് 7000 രൂപയാണ്. റോഡോ മാന്‍ഷനില്‍ ഒന്നും സ്കൈ കോട്ടജില്‍ രണ്ടും ആളുകളെ അധികമായി താമസിപ്പിക്കാന്‍ അനുവാദമുണ്ട്. ഒരാള്‍ക്ക് 1000 രൂപ വീതം ആണ് നിരക്ക്. രുചികരമായ ഭക്ഷണവും താമസവും ട്രെക്കിങ്ങും ഗൈഡും ക്യാമ്പ് ഫയറും ഒക്കെ ഉള്‍പ്പെടുന്ന ഒരു പാക്കേജ് ആണിത്. സ്കൈ കോട്ടേജിലും റോഡോ മാന്‍ഷനിലും മുന്‍കൂട്ടി മുറി ബുക്ക് ചെയ്തു വരുന്നവര്‍ക്ക് മൂന്നാര്‍ KFDC ഓഫീസില്‍ നിന്നും ജീപ്പില്‍ pickup & drop സൗകര്യവും ലഭ്യമാണ്. ബേസ്ക്യാമ്പിലെ ടെന്‍റ് സൗകര്യം പ്രയോജനപ്പെടുത്തുന്നത് തന്നെയാണ് ഏറ്റവും ചിലവ് കുറഞ്ഞ മാര്‍ഗ്ഗം. മുന്‍കൂര്‍ ബുക്കിംഗിനും മറ്റ് വിവരങ്ങള്‍ക്കും http://www.kfdcecotourism.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 04865 230332 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യാം.
കെഎഫ്ഡിസി പാക്കേജ് അല്ലാതെയുള്ള വഴികളെല്ലാം നിയമവിരുദ്ധമാണ്. പിടിക്കപ്പെടുന്നവര്‍ ഫൈന്‍ അടക്കമുള്ള ശിക്ഷകള്‍ക്ക് വിധേയരാകും. കൊളുക്കുമലയില്‍ നിന്നും 100 രൂപയുടെ പാസ് ലഭിക്കുന്നത് മീശപ്പുലിമല കയറുവാനുള്ളതല്ല. തമിഴ്നാട്ടിലെ പ്രൈവറ്റ് എസ്റ്റേറ്റിന് മീശപ്പുലിമല കയറുവാനുള്ള പാസ് നല്‍കാനുള്ള അധികാരവും ഇല്ല. മാത്രമല്ല, ഈ വഴി മീശപ്പുലിമലയിലേക്കുള്ള കയറ്റം അതീവ ദുഷ്കരവും കുത്തനെ ആയതിനാല്‍ അപകടങ്ങള്‍ പതിയിരിക്കുന്നതും ആണ്. കേരള ഫോറസ്റ്റ് ആക്ട് 1961 സെക്ഷന്‍ 27 e (iv) പ്രകാരം സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ചു കടക്കുന്നത് ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 1000 രൂപ മുതല്‍ 5000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ മറ്റു നാശനഷ്ടങ്ങള്‍ വരുത്തിയതായി തെളിഞ്ഞാല്‍ അതിന് പ്രത്യേക പിഴയും ഒടുക്കേണ്ടി വരും.