ബാങ്ക് ലോൺ ഉള്ളവർക്ക് സന്തോഷത്തിന്റെ നാളുകൾ വരുന്നു

person access_timeDecember 30, 2016

ബാങ്കിൽ ലോണുള്ളവർക്ക് സന്തോഷത്തിന്റെ നാളുകൾ വരുന്നെന്നു സൂചന. ലോണുകളുടെ പലിശ വൈകാതെ കുറയും. ഇക്കാര്യത്തിൽ ബാങ്കുകൾ ഇന്നും നാളെയുമായി തീരുമാനമെടുക്കും. നോട്ട് പിൻവലിക്കലിനെത്തുടർന്നു ബാങ്കുകളിലേക്ക് നിക്ഷേപം ധാരാളമായി ഒഴുകിയെത്തിയതു പുതിയ ലോണുകൾ കൂടുതലായി നൽകാനും ബാങ്കുകളെ പ്രേരിപ്പിക്കും.

നിക്ഷേപങ്ങളുടേയും ലോണുകളുടേയും പലിശ നിരക്കുകൾ നിശ്ചയിക്കുന്നതിനായി ബാങ്കുകളുടെ ലയബിലിറ്റി കമ്മിറ്റികൾ ഇന്നും നാളെയുമായി യോഗം ചേരും. ഇതിനു ശേഷം അതതു ബാങ്കുകൾ പുതിയ നിരക്കുകൾ പ്രഖ്യാപിക്കുമെന്നാണു റിപ്പോർട്ട്. നിരക്കുകൾ കുറയ്ക്കുന്നതു നിലവിലുള്ള ഭവന, വാഹന വായ്പകൾക്കും പുതുതായി ലോണെടുക്കുന്നവർക്കും ഗുണംചെയ്യും.

നിലവിൽ സ്ഥിര നിക്ഷേപങ്ങൾക്ക് ഏഴു ശതമാനം വരെയും വായ്പകൾക്ക് 8.9 ശതമാനം മുതലുമാണു പലിശ നിരക്കുകൾ. വായ്പാ പലിശ നിരക്ക് ഇനിയും കുറയുന്നതു രാജ്യത്തെ കോടിക്കണക്കിന് ആളുകൾക്കു ഗുണം ചെയ്യും. എന്നാൽ, നിക്ഷേപം അധികമായെത്തുന്നതോടെ സ്ഥിര നിക്ഷേപ പലിശ കുറയ്ക്കാൻ ബാങ്കുകൾ നിർബന്ധിതരാകുന്നതിനാൽ നിക്ഷേപകർക്കു പുതിയ തീരുമാനം തിരിച്ചടിയാകും.

ബാങ്കുകളിൽ നിക്ഷേപം ഇനിയും വർധിപ്പിക്കാനുള്ള കൂടുതൽ ശ്രമങ്ങൾക്കും ബാങ്കുകൾ ആലോചിക്കുന്നു. രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ മേധാവികൾ ഇക്കാര്യം ചർച്ച ചെയ്യാൻ ഇന്നു യോഗം ചേരുന്നുണ്ട്.