മഞ്ഞണിഞ്ഞ മൂന്നാർ...
മൂന്നാർ∙ അതിശൈത്യം പിടിമുറുക്കുന്ന മൂന്നാറിൽ താപനില താഴ്ന്ന് ഇന്നലെ രണ്ടു ഡിഗ്രി സെൽഷ്യസ് വരെ എത്തി.വിദൂര എസ്റ്റേറ്റുകളായ കുണ്ടള, ചെണ്ടുവരൈ, ചിറ്റുവരൈ മേഖലകളിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. അതേസമയം മൂന്നാർ ടൗൺ മേഖലയിൽ ഇന്നലെ നാലു ഡിഗ്രിയാണു കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.
ശൈത്യകാലത്തിനു തുടക്കം കുറിച്ച് നവംബർ രണ്ടാം വാരം താപനില നാലു ഡിഗ്രി രേഖപ്പെടുത്തിയെങ്കിലും പിന്നീട് തണുപ്പിന്റെ കാഠിന്യം കുറഞ്ഞിരുന്നു.
തിങ്കളാഴ്ച എട്ടു ഡിഗ്രി ആയിരുന്നതാണ് ഒറ്റദിവസംകൊണ്ട് നാലു ഡിഗ്രിയിലേക്കു താഴ്ന്നത്.
ഇന്നലെ പകലും മൂന്നാറിൽ നല്ല തണുപ്പ് അനുഭവപ്പെട്ടു. തണുപ്പ് സീസൺ ആരംഭിച്ചതോടെ
ശക്തമായ മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നുണ്ട്. തേയിലയും മറ്റു കൃഷികളും കരിഞ്ഞുണങ്ങാൻ ഇതു കാരണമാവും. തണുപ്പ് ആസ്വദിക്കാൻ എത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലും ക്രമേണ വർധന ഉണ്ടാവുന്നുണ്ട്. ഇനി ഫെബ്രുവരിവരെ വിദേശികളായ സന്ദർശകരാവും മൂന്നാറിൽ കൂടുതലായി എത്തുക.