ഭൂമിയിൽ തകർന്നുവീണ അജ്ഞാത വസ്തു ചൈനീസ് ചാര ഉപഗ്രഹമോ?...

person access_timeNovember 17, 2016

ചൈനീസ് ഉപഗ്രഹത്തിന്റേതെന്ന് സംശയിക്കുന്ന ലോഹ സിലിണ്ടര്‍ വടക്കന്‍ മ്യാന്മറില്‍ തകര്‍ന്നുവീണു. കച്ചിന്‍ സംസ്ഥാനത്തെ പകാന്‍ഡിലുള്ള ഒരു ഖനിയിലാണ് ലോഹസിലിണ്ടര്‍ തകര്‍ന്നുവീണത്. ഇതിനോടു ചേര്‍ന്നുള്ള ഗ്രാമത്തിലെ വീടിനു മുകളിലേക്ക് മറ്റൊരു ചെറിയ ലോഹഭാഗം വീണതും പരിഭ്രാന്തി പരത്തി. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ഖനിയില്‍ വീണ ലോഹസിലിണ്ടറിന് 4.5 മീറ്റര്‍ (15 അടി) നീളവും ഒരു മീറ്ററോളം വ്യാസവുമുണ്ട്. ഈ ലോഹഭാഗങ്ങള്‍ ഏതെങ്കിലും കൃത്രിമോപഗ്രഹത്തിന്റെയോ വിമാനത്തിന്റെയോ ഭാഗങ്ങളാകുമെന്നാണ് കരുതപ്പെടുന്നത്. ഉഗ്രശബ്ദത്തോടുകൂടി വലിയൊരു വസ്തു വീഴുന്നത് കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞാണ് സംഭവം പുറം ലോകം അറിയുന്നത്. പലരും സ്‌ഫോടനം നടന്നുവെന്നാണ് കരുതിയത്. വീഴ്ചയുടെ ആഘാതത്തില്‍ ചെറിയ കുലുക്കം അനുഭവപ്പെട്ടെന്നും ഗ്രാമീണര്‍ പറയുന്നു.

ഈ ലോഹ കുഴലില്‍ ഇലക്ട്രിക് വയറുകള്‍ കാണപ്പെട്ടതോടെയാണ് ഉപഗ്രഹഭാഗങ്ങളാണെന്ന പ്രചരണം ശക്തിപ്പെട്ടത്. സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍ ഈ വസ്തുവിന്റെ ചിത്രം പ്രചരിക്കുന്നുണ്ട്. തകര്‍ന്നുവീണത് ചൈനീസ് ചാര ഉപഗ്രഹത്തിന്റെ ഭാഗങ്ങളാണെന്ന് പ്രചരിച്ചതും സോഷ്യല്‍ മീഡിയയില്‍ തന്നെ.

കഴിഞ്ഞ ആഴ്ചയിലാണ് ചൈന അവരുടെ ഏറ്റവും വലിയ കൃത്രിമോപഗ്രഹം വിക്ഷേപിച്ചത്. ഷൈജാന്‍ 17 എന്ന് പേരിട്ട കൃത്രിമോപഗ്രഹമാണ് ചൈന വിക്ഷേപിച്ചത്. 187 അടി നീളമുള്ള ഉപഗ്രഹം രണ്ട് ഘട്ടങ്ങളായുള്ള റോക്കറ്റിന്റെ സഹായത്തിലാണ് ഭ്രമണപഥത്തിലെത്തിച്ചത്. 39 ടണ്ണോളം ഭാരവും വഹിച്ചാണ് കൃത്രിമോപഗ്രഹം ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ഇതില്‍ 25 ടണ്‍ വസ്തുക്കള്‍ ഭൂമിക്ക് ചേര്‍ന്നുള്ള ഭ്രമണപഥത്തിലും ബാക്കിയുള്ളവ വിദൂര ഭ്രമണപഥത്തിലുമായാണ് ചൈന എത്തിച്ചത്. ഈ കൃത്രിമോപഗ്രഹത്തിന്റെ ഭാഗങ്ങളാണോ മ്യാന്മറില്‍ വീണത് എന്നതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.