സിനിമ തീയേറ്ററില്‍ ദേശീയ ഗാനം നിര്‍ബന്ധമെന്ന് സുപ്രീം കോടതി ; കാണികള്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും നിര്‍ദ്ദേശം

person access_timeNovember 30, 2016

ദില്ലി: രാജ്യത്തെ എല്ലാ തിയേറ്ററുകളിലും സിനിമ ആരംഭിക്കുന്നതിന് മുന്‍പ് ദേശീയ് ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. ദേശീയ ഗാനത്തോടൊപ്പം ദേശീയ പതാക സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ കാണികള്‍ എഴുന്നേറ്റ് നിന്ന് രാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിക്കണം, വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് ദേശീയ ഗാനം ഉപയോഗിക്കരുതെന്നും ഉചിതമല്ലാത്ത ഏതൊരു വസ്തുക്കളിലും ദേശീയ ഗാനം പതിപ്പിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സിനിമ തീയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്നതു സംബന്ധിച്ച് ശ്യം മിശ്രയെന്ന വ്യക്തിയാണ് പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ശ്യം മിശ്രയ്ക്കു വേണ്ടി അഭിഭാഷകനായ അഭിനവ് ശ്രീവാസ്തവയിലൂടെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ദീപക് മിശ്ര, അമിതാവ റോയ് എന്നിവിരടങ്ങുന്ന ബെഞ്ചാണ് നിര്‍ദ്ദശം പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. വിഷയം കാണിച്ച് കഴിഞ്ഞ ഒക്ടോബര്‍ 31നാണ് ശ്യം മിശ്ര കോടതിയെ സമീപിച്ചത്.

ദേശീയ ഗാനത്തെ അവഹേളിക്കുന്ന തരത്തില്‍ നരവധി റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നുവെന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അനുചിതമായ നിരവധി സാഹചര്യങ്ങളില്‍ ദേശീയ ഗാനം ആലപിക്കുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

തീയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്നത് സാമ്പത്തിക നേട്ടത്തിനു വേണ്ടി ദുരുപയോഗം ചെയ്യരുതെന്നും ദേശീയ ഗാനം പൂര്‍ത്തിയാവുന്നതു വരെ യാതൊരു വിധത്തിലുള്ള ഇടപെടലുകളും ഉണ്ടാകരുതെന്നും കോടതി നിര്‍ദ്ദേശിക്കുന്നു. താളമോ രീതിയോ മാറ്റിയുള്ള ദേശീയ ഗാനം കേള്‍പ്പിക്കരുതെന്നും കോടതി നിഷ്‌കര്‍ഷിക്കുന്നുണ്ട്.