തൊമ്മന്‍കുത്തില്‍ പ്രകൃതി നിര്‍മ്മിച്ചിട്ടുണ്ട്, ഏഴ് നിലകളില്‍ ഒരു ജലമാളിക

person access_timeOctober 06, 2016

പ്രകൃതീദേവിയുടെ തറവാടാണ് ഇടുക്കി. ഇടുക്കിയുടെ മനോഹാരിതകള്‍ എത്രയെഴുതിയാലും തീരാത്തവയാണ്. ഇപ്പോള്‍, കേരളത്തിലെ അഡ്വഞ്ചര്‍ ടൂറിസം രംഗത്തെ "ഹോട്ട് സ്പോട്ട്" ആയ മീശപ്പുലിമല ഇടുക്കിയിലാണ്. ഇടുക്കിയില്‍ പ്രകൃതി ഒരുക്കിയ ആകാശഗോപുരമാണ് മീശപ്പുലിമലയില്‍ ഉള്ളതെങ്കില്‍, തൊടുപുഴയ്ക്കടുത്ത് തൊമ്മന്‍കുത്തില്‍ ഉള്ളത് പ്രകൃതി പടുത്തുയര്‍ത്തിയ എഴ് നിലകളുള്ള ജലമാളികയാണ്. തൊടുപുഴയില്‍ നിന്ന്‍ 17-18 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതിചെയ്യുന്ന 7-ഘട്ടങ്ങളിലായി ഒഴുകിവീഴുന്ന വെള്ളച്ചാട്ടമാണ് തൊമ്മന്‍കുത്തിന് കേരളത്തിന്‍റെ വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംനേടി കൊടുക്കുന്നത്.

കോട്ടയം ഭാഗത്തുനിന്ന്‍ വരുന്നവര്‍ക്ക് തൊടുപുഴ വഴിയും, എറണാകുളം ഭാഗത്തുനിന്ന്‍ വരുന്നവര്‍ക്ക് മൂവാറ്റുപുഴ വഴിയും തൊമ്മന്‍കുത്തിലെത്താം. തൊടുപുഴ വഴി വരുന്നവര്‍ മങ്ങാട്ടുകവല-കരിമണ്ണൂര്‍ റൂട്ടില്‍ 20 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ തൊമ്മന്‍കുത്തിലെത്താം. മൂവാറ്റുപുഴ വഴി വരുന്നവര്‍ പോത്താനിക്കാട്-വണ്ണപ്പുറം മാര്‍ഗ്ഗമാണ് തിരഞ്ഞെടുക്കേണ്ടത്. ഈ വഴി 32-കിലോമീറ്റര്‍ സഞ്ചരിക്കണം തൊമ്മന്‍കുത്തിലെത്താന്‍.

തൊമ്മന്‍കുത്തിലെ വിനോദയാത്രയ്ക്ക് ടൂറിസം വകുപ്പ് ഇപ്പോള്‍ നല്ല പ്രോത്സാഹനം നല്‍കി വരുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഒട്ടനവധി പദ്ധതികള്‍ ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ സൗകര്യാര്‍ത്ഥം നടത്തപ്പെടുന്നുണ്ട്. "ഇക്കോ ടൂറിസം" തൊമ്മന്‍കുത്തില്‍ നടപ്പാക്കാനാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നത്.

എഴുനില കുത്ത് എന്ന പേരിലും തൊമ്മന്‍കുത്തിലെ വെള്ളച്ചാട്ടം അറിയപ്പെടുന്നു. എഴ് ഘട്ടങ്ങളിലായി ഒഴുകി വീഴുന്ന ഈ ജലപാതം ഏഴു-നിലകളുള്ള ഒരു ജലമാളികയുടെ പ്രതീതിയാണ് കാഴ്ചക്കാര്‍ക്ക് പകര്‍ന്നു നല്‍കുന്നത്. ഇടുക്കിയുടെ വനമേഖലയിലെ വിവിധങ്ങളായ ഔഷധക്കൂട്ടങ്ങളെ തഴുകി വരുന്ന തൊമ്മന്‍കുത്തിലെ ജലത്തിന് ഔഷധഗുണമുണ്ടെന്നാണ് തദ്ദേശീയര്‍ പറയുന്നത്. ഓരോ വെള്ളച്ചാട്ടത്തിന്‍റേയും പതനസ്ഥലത്ത് രൂപം കൊണ്ടിരിക്കുന്ന നീന്തല്‍ക്കുളത്തിന് സമാനമായ ഭാഗത്ത് നീരാടിയും, പാറക്കെട്ടുകളെ പുല്‍കിയൊഴുകുന്ന പുഴയുടെ മനോഹാരിതയും നുകര്‍ന്നു കൊണ്ട് 12-കിലോമീറ്ററോളം വനത്തിനുള്ളിലേക്ക് ട്രെക്ക് ചെയ്ത് പോകാം. സ്ഥലവിവരണങ്ങള്‍ക്കും, സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും പരിചയസമ്പന്നനായ ഗൈഡിന്‍റെ സേവനവും ലഭ്യമാണ്.

ചില ഭാഗങ്ങളില്‍ പുഴയില്‍ ഇറങ്ങുന്നത് അപകടകരമായതിനാല്‍ ഗൈഡിന്‍റെ സേവനം ലഭ്യമാക്കാന്‍ സഞ്ചാരികള്‍ പ്രത്യേകം ശ്രദ്ധിക്കുക.