സമീപത്തുള്ള ഏറ്റവും വൃത്തിയുള്ള ശൗചാലയം ഉപയോഗിക്കേണ്ട ഘട്ടം വരുമ്പോള്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കാം
പുതുമയുള്ള ആശയങ്ങള്‍ അവതരിപ്പിക്കുന്നതിലേയും, അത് നടപ്പിലാക്കുന്നതിന്‍റേയും അവസാനവാക്കാണ് ഇന്ന്‍ ഗൂഗിള്‍. ജീവിതത്തിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ലെങ്കിലും അവ പരിഹരിക്കാന്‍ പര്യാപ്തമായ അപ്രതീക്ഷിതവും, പ്രായോഗികവുമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ പ്രവൃത്തിപഥത്തില്‍ എത്തിക്കുന്നതിന് ഗൂഗിളിനുള്ള സാമര്‍ത്ഥ്യം പലതവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
ഗൂഗിളിന്‍റെ ഏറ്റവും ജനോപകാരപ്രദമായ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ മാപ്പ്സ്. വഴിയറിയാനും, റെസ്റ്റോറന്‍റുകള്‍, പെട്രോള്‍ പമ്പുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എടിഎമ്മുകള്‍, ആശുപത്രികള്‍ തുടങ്ങിയവ കണ്ടെത്താനുമെല്ലാം ലോകമെമ്പാടും ജനങ്ങള്‍ ഗൂഗിള്‍ മാപ്പ്സിന്‍റെ സഹായം തേടുന്നു. ഉടന്‍തന്നെ ജനങ്ങള്‍ക്ക് വളരെയധികം ഉപകാരപ്രദമാകുന്ന, പ്രത്യേകിച്ചും ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്, ഒരു ഫീച്ചര്‍ തങ്ങളുടെ മാപ്പ്സ് ആപ്ലിക്കേഷനില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഏറ്റവും അടുത്തുള്ള വൃത്തിയുള്ള ശൗചാലയം എതെന്ന്‍ കണ്ടെത്താം.
നഗരവികസന മന്ത്രാലയവുമായി ചേര്‍ന്നാണ് ഗൂഗിള്‍ ടോയ്ലറ്റ് ലൊക്കേറ്റര്‍ എന്ന ഫീച്ചര്‍ ഗൂഗിള്‍ മാപ്പ്സില്‍ അവതരിപ്പിക്കാനുള്ള തയാറെടുപ്പുകള്‍ ഗൂഗിള്‍ നടത്തുന്നത്. ഇന്ത്യന്‍ ഗവണ്മെന്‍റിന്‍റെ "സ്വച്ഛ് ഭാരത്" ഉദ്യമത്തിനു കീഴിലാകും ഈ ഫീച്ചര്‍ അവതരിപ്പിക്കപ്പെടുക.
ഈ ഫീച്ചറില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ടോയ്ലറ്റുകളില്‍ പൊതുശൗചാലയങ്ങള്‍, സുലഭ് ശൗചാലയങ്ങള്‍, മാളുകളിലെ ശൗചാലയങ്ങള്‍. മെട്രോ-റെയില്‍വേ സ്റ്റെഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ളവയാകും. രാജ്യതലസ്ഥാനനഗരിയായ ഡല്‍ഹിയിലായിരിക്കും ഈ ഫീച്ചര്‍ ആദ്യം ലഭ്യമായിത്തുടങ്ങുക.
ടോയ്ലറ്റ് ലൊക്കേറ്റര്‍ ഉപയോഗിക്കാന്‍ "ടോയ്ലറ്റ്", "ലാവട്ടറി", "സുലഭ്", "ശൗചാലയ", മുതലായ തിരച്ചില്‍പദങ്ങള്‍ ആകും ഉപയോക്താക്കള്‍ ടൈപ്പ് ചെയ്യേണ്ടി വരിക. ഏറ്റവും അടുത്തുള്ള ശൗചാലയമാകും സെര്‍ച്ച് റിസള്‍ട്ടായി ലഭിക്കുക. ഒരളവു വരെ ജനപങ്കാളിത്തത്തോടു കൂടിയും തയാറാക്കിയ ഡാറ്റയായിരിക്കും ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തുക. ഉപയോഗിച്ചശേഷം ടോയ്ലറ്റിന്‍റെ വൃത്തിയെപ്പറ്റിയുള്ള ഉപയോക്താവിന്‍റെ അഭിപ്രായം രേഖപ്പെടുത്താനുള്ള ഓപ്ഷനും ആപ്ലിക്കേഷനില്‍ ലഭ്യമാകും.