മോഹങ്ങള്‍ വാനോളം; 56ല്‍ പെഗ്ഗി വിറ്റ്സണ്‍ ആകാശത്ത് നടന്നത് ആറര മണിക്കൂര്‍

person access_timeJanuary 08, 2017

വാഷിങ്ടണ്‍: അമ്പത്തിആറാം വയസ്സിലും പെഗ്ഗി വിറ്റ്സണ്‍ എന്ന അമേരിക്കക്കാരിയുടെ മോഹങ്ങള്‍ ഭൂമിയിലെങ്ങുമല്ല.

ഏറ്റവും ഇഷ്ടം എന്താണെന്നു ചോദിച്ചാല്‍ കണ്ണുമടച്ച് പറയും: ബഹിരാകാശത്ത് ഒഴുകിനടക്കണം. ബഹിരാകാശത്ത് നടക്കുന്ന ഏറ്റവും പ്രായംകൂടിയ വനിതയെന്ന റെക്കോഡാണ് നാസയുടെ ഈ ബഹിരാകാശ യാത്രിക സ്വന്തമാക്കിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നവീകരിച്ച ഊര്‍ജ സംവിധാനം സ്ഥാപിക്കാനാണ് എക്സ്പഡീഷന്‍ 50 എന്ന് പേരിട്ട ദൗത്യത്തിന്‍െറ കമാന്‍ഡര്‍ ഷെയ്ന്‍ കിംബ്രോയ്ക്കൊപ്പം പെഗ്ഗി വിറ്റ്സണ്‍ ആറു മണിക്കൂര്‍ 32 മിനിറ്റ് നീണ്ടുനിന്ന ബഹിരാകാശ നടത്തം നിര്‍വഹിച്ചത്. 

കഴിഞ്ഞ നവംബറിലാണ് പെഗ്ഗി വിറ്റ്സണ്‍ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ബഹിരാകാശ യാത്ര നടത്തുന്ന ഏറ്റവും പ്രായംകൂടിയ വനിതയെന്ന റെക്കോഡുമായാണ് അവര്‍ നിലയത്തിലത്തെിയത്. ഇപ്പോഴത്തെ ദൗത്യം പൂര്‍ത്തിയാക്കുമ്പോള്‍ ബഹിരാകാശത്ത് ഏറ്റവുമധികം സമയം (377 ദിവസം) ചെലവഴിക്കുന്ന അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയുമാകും ഇവര്‍. ഇപ്പോള്‍ പൂര്‍ത്തിയാക്കിയതാകട്ടെ, പെഗ്ഗിയുടെ ഏഴാമത്തെ ബഹിരാകാശ നടത്തവും. ബഹിരാകാശത്ത് ജീവിക്കാന്‍ ഏറെ ഇഷ്ടമാണെന്നാണ് ഇവര്‍ പറയുന്നത്. ഒരു തടസ്സവുമില്ലാതെ ഒരു കൊച്ചുകുട്ടിയെപ്പോലെ രാത്രി മുഴുവന്‍ ഉറങ്ങാന്‍ കഴിയും. അത് വലിയൊരു കാര്യമാണ് -പെഗ്ഗി വിറ്റ്സണ്‍ പറയുന്നു. 


ഇരുവരും ചേര്‍ന്ന് നടത്തിയ ബഹിരാകാശ നടത്തത്തിനിടെ, നിലയത്തില്‍ മൂന്ന് പുതിയ അഡാപ്റ്റര്‍ പ്ളേറ്റുകള്‍ സ്ഥാപിച്ചു. ബഹിരാകാശ നിലയത്തിലെ ആറ് പുതിയ ലിഥിയം അയണ്‍ ബാറ്ററികളില്‍ മൂന്നെണ്ണവുമായി വൈദ്യുതി കണക്ഷന്‍ ബന്ധിപ്പിക്കുകയും ചെയ്തു. ഇതിനൊപ്പം ആല്‍ഫാ മാഗ്നറ്റിക് സ്പെക്ട്രോമീറ്ററിന്‍െറ ഫോട്ടോ സര്‍വേ നടത്തുകയും ചെയ്തു. നിലയത്തിലെ സൗരോര്‍ജ സംവിധാനത്തില്‍നിന്ന് ലഭിക്കുന്ന വൈദ്യുതി ശേഖരിച്ചുവെക്കുന്നതിന് നിലവിലുള്ള നിക്കല്‍-ഹൈഡ്രജന്‍ ബാറ്ററികള്‍ക്ക് പകരമായാണ് പുതിയ ലിഥിയം അയണ്‍ ബാറ്ററികളും അഡാപ്റ്റര്‍ പ്ളേറ്റുകളും സ്ഥാപിച്ചത്. ബാറ്ററികള്‍ നവീകരിക്കുന്നതിനുള്ള റോബോട്ടിക് ജോലികള്‍ ജനുവരിയിലാണ് തുടങ്ങിയത്.

ദൗത്യം പൂര്‍ത്തിയാക്കാന്‍ രണ്ട് ആകാശ നടത്തങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതില്‍ ആദ്യത്തേതാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ജനുവരി 13ന് കിംബ്രോയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലെ ഫൈ്ളറ്റ് എന്‍ജിനീയര്‍ തോമസ് പെസ്ക്വെും രണ്ടാമത്തെ ആകാശ നടത്തം നിര്‍വഹിക്കും. ബഹിരാകാശ നിലയത്തിലെ യാത്രികര്‍ ഇതുവരെ 196 ആകാശ നടത്തങ്ങളാണ് പൂര്‍ത്തിയാക്കിയത്. ആകെ ചെലവഴിച്ച സമയം 1,224 മണിക്കൂര്‍ ആറ് മിനിറ്റ്.