വിഷാദരോഗം കണ്ടെത്താന്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ മതി
സ്മാര്‍ട്ട് ഫോണ്‍ നല്ല സ്മാര്‍ട്ട് തന്നെയാണെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. നിത്യജീവിതത്തില്‍ ഒരു വില്ലനായി മാറിക്കൊണ്ടിരിക്കുകയാണെങ്കിലും നിങ്ങളിലെ വിഷാദരോഗത്തെ തിരിച്ചറിയാന്‍ സ്മാര്‍ട്ട് ഫോണ്‍ സഹായിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.
കൂടുതല്‍ സമയവും സ്മാര്‍ട്ട് ഫോണില്‍ ചിലവഴിക്കുന്നവര്‍ വിഷാദരോഗികളായിരിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഒരു വ്യക്തിയുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന രീതി, ചെലവഴിക്കുന്ന സമയം, അതിലെ ഡാറ്റ എന്നിവ പരിശോധിച്ചാല്‍ അയാള്‍ വിഷാദരോഗിയാണോയെന്ന് വളരെ എളുപ്പത്തില്‍ തന്നെ പറയാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. വിഷാദരോഗമില്ലാത്ത ഒരാളെ അപേക്ഷിച്ച് മൂന്ന് മടങ്ങ് കൂടുതല്‍ സമയം വിഷാദത്തിന് അടിമപ്പെട്ട ഒരാള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
വിഷാദരോഗമുളളവര്‍ തുടര്‍ച്ചയായി 68 മിനിറ്റ് നേരം ദിവസവും സ്മാര്‍ട്ട് ഫോണില്‍ ചെലവഴിക്കുമെന്നും ഇവര്‍ സാമൂഹികമായ ഇടപെടലുകള്‍ക്കോ യാത്രയ്‌ക്കോ സമയം ചെലവഴിക്കാന്‍ താത്പര്യപ്പെടാതെ ഒഴിവുസമയം ഏറെനേരം സ്മാര്‍ട്ട് ഫോണില്‍ ചെലവഴിക്കുമെന്നും പഠനം പറയുന്നു. മനസ്സിലെ വിഷമങ്ങള്‍ മറ്റുളളവരോട് പങ്കുവെക്കാന്‍ ഇവര്‍ മടിക്കുമെന്നും ഗവേഷകര്‍ പറഞ്ഞു.
ബിഹേവിയര്‍ ടെക്‌നോളജിയില്‍ പഠനം നടത്തുന്ന ചിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഒരു പ്രത്യേക തരം ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ നടത്തിയ പഠനം 87% ശരിയായ നിഗമനത്തിലാണ് എത്തിച്ചേര്‍ന്നതെന്നും പഠനം പറയുന്നു. പഠനത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
