പുകവലിക്കുന്ന എല്ലാവര്‍ക്കും ക്യാന്‍സര്‍ വരാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയുമോ?

person access_timeDecember 09, 2016

പുകവലി ക്യാന്‍സറിന് കാരണമാകുന്നു എന്ന് പറയുമ്പോള്‍ പലരും മനസില്‍ വിചാരിക്കുന്നതും പലപ്പോഴും തുറന്ന് പ്രകടിപ്പിക്കാറുള്ളതുമായ ന്യായവാദമാണ് പുകവലിക്കുന്ന നിരവധി പേരെ തങ്ങള്‍ക്ക് അറിയാമെന്നും അവര്‍ക്കൊന്നും ക്യാന്‍സര്‍ വന്നിട്ടില്ലല്ലോ എന്നും. ഇതില്‍ ഒരു സത്യമുണ്ട്. കാരണം പുകവലി ശീലമുള്ള ചില ആളുകളെ ക്യാന്‍സര്‍ ബാധിക്കാറില്ല.

എന്നാല്‍ ഇതിന് വ്യക്തമായ കാരണവും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം ആളുകളുടെ ശരീരത്തിലെ ഒരുകൂട്ടം ജനിതക ഘടകങ്ങള്‍ തന്നെയാണ് അവരെ അര്‍ബുദബാധയില്‍ നിന്നും രക്ഷിക്കുന്നത്. കാലങ്ങളായി പുകവലിക്കുന്നവരായാല്‍ പോലും അവരെ ദീര്‍ഘകാലം ജീവിക്കാന്‍ സഹായിക്കുന്നതും മാരകമായ രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നതുമെല്ലാം ഈ ജനിതക ഘടകങ്ങളാണ്.

ദീര്‍ഘായുസ്സ് നല്‍കുവാന്‍ സഹായിക്കുന്ന ഒരു കൂട്ടം ജനിതക ഘടകങ്ങളെ തങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് കാലിഫോര്‍ണിയ- ലോസ്ആഞ്ചല്‍സ് സര്‍വ്വകലാശാലയിലെ ഗവേഷകന്‍ മോര്‍ഗന്‍ ലെവിന്‍ പറയുന്നു. ചുരുക്കം ചില ആളുകളില്‍ മാത്രം കണ്ടുവരുന്ന സിംഗിള്‍ ന്യൂക്ലിയോറ്റൈഡ് പോളിമോര്‍ഫിസം ( എസ്.എന്‍.പി) എന്ന ഡി.എന്‍.എ വകഭേദമാണ് പുകവലിപോലുള്ള പ്രതികൂല സാഹചര്യങ്ങളിലും ആളുകളെ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ‘ ഈ ജീനുകള്‍ കോശങ്ങളുടെ സംരക്ഷണത്തിനും കേടുപാടുകള്‍ തീര്‍ക്കുന്നതിനും സഹായിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് ലഭിച്ച തെളിവുകള്‍ വ്യക്തമാക്കുന്നു.

അതുകൊണ്ട് തന്നെ പുകവലിക്കുന്നവരുടെ ശരീരത്തില്‍ കണ്ടുവരുന്ന പ്രതികൂല സാഹചര്യങ്ങളില്‍ ആരോഗ്യം നിലനിര്‍ത്തുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ജീനുകള്‍ സഹായിക്കുന്നു.’ ലെവിന്‍ വ്യക്തമാക്കി. പുകവലി മനുഷ്യരുടെ ആയുസ്സിനും രോഗപ്രതിരോധ ശേഷിയ്ക്കും കാര്യമായ ആഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പ്രായാധിക്യം ത്വരിതഗതിയിലാകുന്നതും അതോടനുബന്ധിച്ചുണ്ടാകുന്ന മാരക രോഗങ്ങളും വഴി മരണത്തിന് വരെ കാരണമാകാന്‍ പുകവലി കാരണമാകുന്നു.

പരിസ്ഥിതി ഘടകങ്ങളെകൂടാതെ സങ്കീര്‍ണമായ ജനിതക ശൃംഗലകളുടേയും സ്വാധീനം മനുഷ്യരുടെ ആയുസ്സിനെ സഹായിക്കുന്നുണ്ടെന്ന് ഈ പഠനങ്ങള്‍ തെളിയിക്കുന്നു. 11 ശതമാനം വരെ ക്യാന്‍സര്‍ വ്യാപനത്തിനുള്ള സാധ്യത തടയാന്‍ ഈ ജീനുകള്‍ക്കാവുമെന്നാണ് ഗവേഷണത്തിന്റെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ പുതുതായി കണ്ടെത്തിയിട്ടുള്ള ജനിതക ഘടകങ്ങള്‍ ഭാവിയില്‍ അര്‍ബുദ ചികിത്സയ്ക്കും സഹായകരമാകുമെന്ന് പ്രത്യാശിക്കാം.