ഇക്കോടൂറിസത്തിന്‍റെ പെരുമയുമായി "തെന്മല"

person access_timeOctober 09, 2016

പ്രകൃതിക്ക് കോട്ടമൊന്നും വരുത്താതെ, പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്നുള്ള വിനോദയാത്രാ മാര്‍ഗ്ഗങ്ങളാണ് ഈ കാലഘട്ടത്തിനാവശ്യം. കേരളത്തിന്‍റെ വിനോദസഞ്ചാര ഭൂപടത്തിലെ അത്തരം ആദ്യസംരംഭങ്ങളിലൊന്നാണ് കൊല്ലം ജില്ലയിലെ തെന്മല ഇക്കോ ടൂറിസം പദ്ധതി. ശെന്തുരുണി സംരക്ഷിത വനമേഖലയിലാണ് തെന്മലയിലെ മുഖ്യ ടൂറിസം ആകര്‍ഷണങ്ങളെല്ലാം. തിരുവനന്തപുരത്തു നിന്നും 72-കിലോമീറ്ററും കൊല്ലത്തു നിന്നും 62-കിലോമീറ്ററും ഏറണാകുളത്തു നിന്നും 171-കിലോമീറ്ററും യാത്രയുണ്ട് തെന്മലക്ക്. പുനലൂരാണ് തെന്മലക്ക് അടുത്തുള്ള പ്രധാന പട്ടണം.

തെന്മലയിലെ "അഡ്വഞ്ചര്‍സോണ്‍" സാഹസികയാത്രാപ്രിയരുടെ ഇഷ്ടലക്ഷ്യസ്ഥാനമാണ്. ഉയരത്തില്‍ കെട്ടിപ്പൊക്കിയിരിക്കുന്ന നടപ്പാതയിലൂടെ തെന്മലയിലെ വനഭംഗി ആസ്വദിച്ചു കൊണ്ടുള്ള അലസഗമനം മുതല്‍ മൗണ്ടന്‍ ബൈക്കിംഗ്, മലകയറ്റം, നദി മുറിച്ചു കടക്കല്‍, നേച്ചര്‍ ട്രെയില്‍സ് മുതലായ അത്യധികം സാഹസികമായ വിനോദോപാധികളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. ഉയരത്തില്‍ കെട്ടിയുയര്‍ത്തിയിട്ടുള്ള നടപ്പാതയിലൂടെ കാനനഭംഗി നുകര്‍ന്ന്‍ തിരുവനന്തപുരം-ചെങ്കോട്ട റോഡ്‌ തുടങ്ങുന്ന ഭാഗം വരെ നടന്നു നീങ്ങാം. കല്ലട ഡാമിന്‍റെ ജലസംഭരണിയിലൂടെ, ശെന്തുരുണിയിലെ വന്യജീവിസമ്പത്ത് കണ്ടുകൊണ്ടുള്ള ബോട്ടിംഗും ഇവിടുത്തെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്.

സൗന്ദര്യാസ്വാദകര്‍ക്കായി തെന്മലയില്‍ ഒരു ചിത്രശലഭോദ്യാനം ഒരുക്കിയിട്ടുണ്ട് തെന്മല ഇക്കോ-ടൂറിസം പ്രൊമോഷണല്‍ സൊസൈറ്റി. വിവിധ ഇനങ്ങളിലും വര്‍ണ്ണവൈവിധ്യങ്ങളിലുമുള്ള അനേകം ചിത്രശലഭങ്ങള്‍ ഈ ഉദ്യാനത്തില്‍ പാറിപ്പറന്നു നടക്കുന്നു. ശലഭങ്ങളെ ആകര്ഷിക്കാനി ഒരുക്കിയിരിക്കുന്ന ഉദ്യാനത്തിലെ പുഷ്പങ്ങളുടെ വ്യത്യസ്തയും മനോഹാരിതയും കൂടി ഒത്തുചേരുമ്പോള്‍ പുതിയൊരു ഒരു വര്‍ണ്ണപ്രപഞ്ചം തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ് ഇവിടെ. ശലഭോദ്യാനത്തില്‍ മികച്ച ഗൈഡ് സൗകര്യവും ലഭ്യമാണ്. ശലഭങ്ങളെപ്പറ്റി പഠിക്കാനും ഇവിടെ അവസരമുണ്ട്.

ഇക്കോ-ടൂറിസം പദ്ധതിയുടെ ഭാഗമായി മാനുകള്‍ക്ക് വേണ്ടി ഒരു പുനരധിവാസ കേന്ദ്രവും ഭംഗിയായ്‌ പ്രവര്‍ത്തിക്കുന്നുണ്ട്. കാട്ടില്‍ നിന്നും കൂട്ടംതെറ്റി അലഞ്ഞുതിരിഞ്ഞു നടക്കുന്ന മാനുകള്‍ക്ക് ഈ കേന്ദ്രം അഭ്യസ്ഥാനമാകുന്നു. പുള്ളിമാനുകളും, കലമാനുകളും, കേഴമാനുകളും ധാരാളമായി ഈ കേന്ദ്രത്തില്‍ സ്വൈര്യവിഹാരം നടത്തുന്നു. ഇതിനോടനുബന്ധിച്ച് കുട്ടികള്‍ക്കുള്ള ഒരു പാര്‍ക്കും, നദീതീരത്തു കൂടിയുള്ള ചെറിയ ഒരു വനയാത്രയും കുടുംബത്തോടൊപ്പം തെന്മലയിലെത്തുന്നവരുടെ മുഖ്യആകര്‍ഷണങ്ങളിലൊന്നാണ്.

തെന്മലയിലെ വിനോദയാത്രാമേഖലയെ മൂന്നായി തരംതിരിച്ചിരിക്കുന്നതില്‍ രണ്ടാമത്തേതാണ് "ലെഷര്‍ സോണ്‍". വനത്തില്‍ തയാറാക്കിയിരിക്കുന്ന ഒരു ഉദ്യാനമാണ് ഈ സോണ്‍. ഈ ഉദ്യാനത്തിന്‍റെ ഭാഗമായി ഒരു "ശില്‍പ്പോദ്യാനവും" ഒരുക്കിയിട്ടുണ്ട്. ഇത് മൂന്നാമത്തെ സോണായ "കള്‍ച്ചര്‍ സോണിന്‍റെ" ഭാഗമാണ്. "മനുഷ്യനും പ്രകൃതിയും" എന്ന വിഷയത്തിലൂന്നിയുള്ള മനോഹര ശില്‍പ്പങ്ങള്‍ ഈ ഉദ്യാനത്തെ വേറിട്ടൊരനുഭവം ആക്കിമാറ്റുന്നു. നദീതീരത്ത് കൂടി ഒരുക്കിയിരിക്കുന്ന നടപ്പാതയിലൂടെയും, നദിക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന തൂക്കുപാലത്തിലൂടെയും ഉള്ള നടത്തവും ലെഷര്‍ സോണിനെ വ്യത്യസ്തമാക്കുന്നു.

കള്‍ച്ചര്‍ സോണിന്‍റെ ഭാഗമായി ഒരു "മ്യൂസിക്കല്‍ ഡാന്‍സിംഗ് ഫൗണ്ടന്‍" പ്രവര്‍ത്തിച്ചു വരുന്നു. കേരളീയ പാരമ്പര്യത്തിലൂന്നിയുള്ള കരകൗശലവസ്തുക്കളുടെ ഒരു സ്റ്റാള്‍, കേരളീയ വിഭവങ്ങളുടെ രുചിവട്ടങ്ങളുമായി ഒരു ഭക്ഷണശാല, ഒരു ആംഫിതീയേറ്റര്‍ എന്നിവയും കള്‍ച്ചര്‍സോണിന്‍റെ പ്രത്യേകതകളാണ്. ഇതിന്‍റെ ഭാഗമായുള്ള "ടൂറിസം ഫെസിലിറ്റേഷന്‍ സെന്‍റര്‍" തെന്മലയിലെ വിനോദസഞ്ചാരത്തെ സംബന്ധിച്ച വിവരങ്ങള്‍ക്കായി സദാസമയവും പ്രവര്‍ത്തിക്കുന്നു.

നക്ഷത്രവനമാണ് തെന്മലയിലെ മറ്റൊരു അത്ഭുതം. ഇന്ത്യന്‍ ജ്യോതിശാസ്ത്രപ്രകാരമുള്ള 27 ജന്മനക്ഷത്രങ്ങളെ പ്രതിനിധീകരിക്കുന്ന 27 വൃക്ഷങ്ങള്‍ വളരുന്നതിനാലാണ് ഈ വനത്തിനു നക്ഷത്രവനം എന്ന പേര് വീണത്. ഈ വനത്തിലൂടെയുള്ള യാത്രയ്ക്ക് വിനോദത്തോടൊപ്പം, ഭക്തിപരമായ പ്രാധാന്യം കൂടിയുണ്ട്.

പാലരുവി വെള്ളച്ചാട്ടം, പരപ്പാര്‍ അണക്കെട്ട്, ഒറ്റക്കല്‍ നദി, റോസ്മല, കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍ എന്നിവ തെന്മലയ്ക്ക് സമീപസ്ഥങ്ങളായ വിനോദസഞ്ചാര സാധ്യതകള്‍ നിറഞ്ഞ സ്ഥലങ്ങളാണ്. ഇവയില്‍ കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍ എന്നീ സ്ഥലങ്ങളിലെ പ്രശസ്തങ്ങളായ അയ്യപ്പക്ഷേത്രങ്ങള്‍ ശബരിമല തീര്‍ഥാടകരുടെ പ്രിയപ്പെട്ട ഇടത്താവളങ്ങളാണ്.

തെന്മലയിലെ വിനോദസഞ്ചാരത്തിന്‍റെ സീസണ്‍ വര്‍ഷം മുഴുവനും ഉണ്ടെന്നതാണ് മറ്റൊരു സവിശേഷത. തെന്മലയിലേക്ക് പോകാന്‍ പ്രത്യേകിച്ചൊരു സമയത്തിനായി കാത്തിരിക്കേണ്ട ആവശ്യമില്ല എന്നര്‍ത്ഥം. പാര്‍ക്കിംഗ് സൗകര്യം രാവിലെ 9-മുതല്‍ വൈകിട്ട് 5-വരെയാണ് ലഭ്യമാകുക. മ്യൂസിക്കല്‍ ഡാന്‍സിംഗ് ഫൗണ്ടന്‍ തിങ്കളാഴ്ചകളില്‍ ഉണ്ടായിരിക്കില്ല.

രണ്ട് തരത്തിലുള്ള ട്രെക്കിംഗ് സൗകര്യവും തെന്മലയില്‍ ലഭ്യമാണ്. 2-മണിക്കൂര്‍ കൊണ്ട് തീരുന്ന 4-കിലോമീറ്റര്‍ വരുന്ന "സോഫ്റ്റ്‌ ട്രെക്കിംഗ്" ആണ് ആദ്യത്തേത്. ഈ ട്രെക്ക് മിരിസ്റ്റിക്ക ചതുപ്പ് വനത്തിന്‍റെ ഓരങ്ങളിലൂടെ കലംകുന്ന്‍, പല്ലംവെട്ടി ഭാഗങ്ങളില്‍ കൂടിയാണ് നടത്തപ്പെടുന്നത്. രാവിലെ 6-നും വൈകിട്ട് 4-നും ഇടയിലാണ് സോഫ്റ്റ്‌ ട്രെക്കിംഗിന്‍റെ സമയം. തദ്ദേശീയര്‍ക്ക് ആളൊന്നിന് 100-രൂപയും, വിദേശീയര്‍ക്ക് ആളൊന്നിന് 150-രൂപയുമാണ് നിരക്ക്. "സാഞ്ച്വറി ട്രെക്കിംഗ്" എന്ന രണ്ടാമത്തെ തരം ട്രെക്കിംഗ് മൂന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്കാണ്. ഇടിമുഴങ്ങാംപാറ, റോക്ക്-വുഡ്, റോസ്മല എന്നിവയാണ് ആ ലക്ഷ്യസ്ഥാനങ്ങള്‍. രാത്രിക്യാമ്പിംഗ് അടക്കം 24-മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ ട്രെക്കിംഗുകളില്‍ 4-മുതല്‍ 8-മണിക്കൂര്‍ വരെ കാല്‍നടയാത്രയും വേണ്ടിവരും. തദ്ദേശീയര്‍ക്ക് ആളൊന്നിനു 2500-രൂപ മുതലും വിദേശീയര്‍ക്ക് ആളൊന്നിന് 3750-രൂപ മുതലും ആണ് നിരക്ക്. ഗൈഡ്, കുക്ക് സേവനങ്ങളും, വാഹനസൗകര്യവും ലഭ്യമാണ്.

വിശദവിവരങ്ങള്‍, താരിഫ്, പ്രീ-ബുക്കിംഗ് എന്നിവയ്ക്ക് www.thenmalaecotourism.com എന്ന വെബ്സൈറ്റിന്‍റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.