നാളെ കന്യകമാരുടെയും മൻഗല്യവതികളുടെയും ദിവസം
മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ.
തിരുവാതിര ആഘോഷവുമായി ബന്ധപ്പെട്ട് ഒട്ടനവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. ഇന്ദ്രദേവാദികൾ പാലാഴിമഥനം നടത്തിയപ്പോൾ നാഗരാജാവ് വാസുകിയുടെ വായിൽനിന്ന് പുറത്തുവന്ന കാളകൂടവിഷം ഭൂമിയിൽ വീണ് ഭൂമി നശിക്കാതിരിക്കാൻ ദേവന്മാർ ശിവനോട് സഹായം അഭ്യർത്ഥിക്കുകയും ശിവൻ ആ വിഷം വിഴുങ്ങുകയും, ശിവന് അത് വിഴുങ്ങിയിട്ട് കുഴപ്പം ഇല്ലാതിരിക്കാൻ പാർവ്വതീദേവി ശിവന്റെ കഴുത്തിൽ അമർത്തിപ്പിടിച്ച് ഉറക്കമൊഴിഞ്ഞ് പ്രാർഥിച്ചു എന്നതാണ് ഒരു കഥ. തിരുവാതിര ആഘോഷത്തിൽ ഉറക്കമൊഴിക്കൽ വന്നത് അങ്ങനെ ആണത്രേ.പരമശിവനും പാർവതിയും തമ്മിൽ വിവാഹം നടന്ന തിരുനാൾ ആണ് തിരുവാതിര എന്നും ഐതിഹ്യം ഉണ്ട്.