പ്രകൃതിയുടെ ഒരു ദൃശ്യ വിസ്മയം ഒരുക്കി ടോപ്പ് സ്റ്റേഷൻ കുരങ്ങിണി ട്രകിംഗ്
ബാംഗ്ലൂരിൽ നിന്നു വന്ന ഏഴംഗ സഘത്തോടപ്പം കുരങ്ങിണിയിലോട്ടൊരു ട്രകിംഗ് ..കേട്ടപ്പാതി കേൾക്കാത്ത പാതി കിട്ടിയ സാധനങ്ങളും എടുത്തു എറണാകുളം വണ്ടി കയറി..ആലുവയിൽ ഇറന്ങി അര മണിക്കൂറിനകം സച്ചിൻ ഭായുടെ വെള്ള ഇൻഡിക മുന്നിലെത്തി...പിന്നെ അങ്ങോട്ടു വരും ദിവസങ്ങളിൽ നടക്കാനുള്ള പരുപാടികളെ കുറിച്ച് മാത്രമ്മായ് ചർച്ച,ഇടയ്ക്കു ഒരു ഷോപ്പിൽ കയറി ട്രെകിങ്ങിനു വരുന്നവർക്കു കൊടുക്കാനുള്ള ഭക്ഷ്യ വസ്തുക്കളൊക്കെ മേടിച്ചു യാത്ര തുടർന്നു..യാത്രയ്കിടയിൽ ഇനി നിൽക്കാൻ സാധ്യത പത്താം മെയിലിലെ പ്രശസ്തമായ കള്ളു ഷാപ്പിലാണ്..കള്ളു കുടി ഇല്ലെങ്കിലും കള്ളു ഷാപ്പ് ഫുഡ് അതൊരു മൊതലാണ്..വെറൈറ്റി,വെറൈറ്റി...ചെന്ന് കയറിയ സമയം നല്ല സമയം ബീഫ് മാത്രമാണുള്ളത് ....പിന്നെ സമയം കളഞ്ഞില്ല വണ്ടി നേരെ മുന്നോട്ടു..മുന്നാർ കഴിയുമ്പോഴേയ്ക്കും ഇരുട്ട് വീണു തുടങ്ങി..വല്ല കൂട്ടുകാരേയും(കാട്ടിലെ) കാണുമോ എന്നാണു നോട്ടം മുഴുവൻ ..ഇരുട്ടിനൊപ്പം കനത്ത മൂടൽ മഞ്ഞു കൂടെ ആയപ്പോൾ സംഗതി വെടിപ്പായി,മാട്ടുപെട്ടി ഡാം കഴിഞ്ഞപ്പോൾ റോഡരുകിലെ യുക്കാലി കാടുകൾക്കിടയിലെന്തോ അനങ്ങി ..കാട്ടി ആയിരിക്കും സച്ചിൻ ഭായ് പറഞ്ഞു...മൂടൽ മഞ്ഞും ഇരുട്ടും ഒരു ഹൊറർ ഫീൽ ഒക്കെ തരുന്നുണ്ടായിരുന്നെങ്കിലും..റോഡിലോട്ടിറങ്ങി വരുന്ന വല്ല പുള്ളി പുലിയോ,മര നായയോ ഒക്കെ ആയിരുന്നു ഞങ്ങളുടെ ശ്രദ്ധ...8.30 യോടു കൂടി ടോപ്പ് സ്റ്റേഷനിലെത്തി..അവിടെ ഞങ്ങളെയും കാത്തു ടോപ്പ് സ്റ്റേഷന്റെ സ്വന്തം മനോ എന്നാ മനോഹരൻ ചേട്ടൻ നില്പ്പുണ്ടായിരുന്നു ....ചച്ചിൻ ചച്ചിൻ എന്ന് പറഞ്ഞു കൊണ്ട് മനോ ഓടി വന്നു സച്ചിൻ ഭായ്ക്കു കൈ കൊടുത്തു..കൂട്ടത്തിൽ എനിയ്കും കിട്ടി ...ഒരു ഷേയ്ക്ക് ഹാൻഡ് വേറൊന്നുമല്ല ..ബാംഗ്ലൂരിൽ നിന്ന് വന്നവർ നല്ല ടീംസായിരുന്നു..അല്ലമ്പില്ലാത്ത ആഘോഷം കണ്ടപ്പോൾ തന്നെ ഒരു സമാധാനമായ് ...ചപ്പാത്തിയും ദാൽ കറിയും ചേർത്തു തീ കൂട്ടിയതിനരുകെ കോടമഞ്ഞിൽ അന്നത്തെ ഡിന്നറും കഴിഞ്ഞു,,,പതുക്കെ ഓരോരുത്തരായി,ടെന്റുകളിലേയ്ക്കും റൂമുകളിലേയ്ക്കും വലിഞ്ഞു,,ഞാൻ കുറച്ചു നേരം കൂടെ ആ കോടമഞ്ഞിലിരുന്നു ..ദൂരെയെവിടെയോ ഒരു കലമാനിന്റെ നിർത്താതെയുള്ള നിലവിളി,ഒരു ചെറിയ പരിചയം വച്ചു നോക്കുവാണേൽ കൂട്ടം തെറ്റി പോയതിലുള്ള നിലവിളി ആണു..
അത് അകന്നു പോയപ്പോം ഞാനും പതുക്കെ എഴുന്നേറ്റു റൂമിലോട്ടു പോയി ..കിടന്നിട്ടും ആ കലമാനിന്റെ നിലവിളി കാതിൽ അല തല്ലി..പിന്നെ മനസ്സിലായി അലയും തല്ലലോന്നുമല്ല വീണ്ടും അതു നന്നായി കേൾക്കുന്നുണ്ട് റൂമിലുണ്ടായിരുന്ന ടോർച്ചെടുത്ത് പുറത്തിറങ്ങി ചുറ്റും അടിച്ചു നോക്കി ...എന്റെ ഊഹം തെറ്റിയില്ല... :) കൂട്ടം തെറ്റിയ ആളു തന്നെ കുറച്ചു നേരം അവിടെയൊക്കെ കറങ്ങി നടന്നു അതു പതുക്കെ കാട്ടിലോട്ടു കയറി,ഞാൻ റൂമിലോട്ടും ..വൈകാതെ നിദ്രാ ദേവി (ഉറക്കം അതാണ് വേറെ ആരുമല്ല)എന്നെ പുൽകി...വീണ്ടും ആ ശബ്ദ്ദം കേട്ടുവോ ...ഇല്ല ഇല്ല അതു തൊട്ട റൂമില കിടന്നുറങ്ങുന്ന സായിപ്പ് കൂർക്കം വലിച്ചതാണ്,...അപ്പോ ശുഭ രാത്രി...Zzzzzz .
രണ്ടാം ദിവസം :
കിഴക്കു വെള്ള കീറി...അതാ നോക്കൂ അവിടെ ഒരു ഓല കുടിൽ...ഛേ ഛേ ഞാനിതിന്തൊക്കെയാ പറയണേ ...ഏതോ സിനിമ കണ്ടതിന്റെ ഹാങ്ങ് ഒവറാ..എന്തായാലും വെളുക്കുമ്പോം ഒരാൾ കാണാൻ വന്നു (എന്നെയല്ല സച്ചിനെയാണ് )സാക്ഷാൽ മോഹൻ തോമസ് (നിലവില ഇന്ത്യയിലെ മികച്ച വന്യ ജീവി ഫോട്ടോഗ്രാഫർമാരിൽ ഒരാൾ)..അദ്ദേഹവുമായുള്ള ചെറിയ സംഭാഷണത്തിനു ശേഷം ബാംഗ്ലൂരുകാരെ മനോവിന്റെ കൂടെ സോഫ്റ്റ് ട്രെകിങ്ങിനു പറഞ്ഞു വിട്ട് ഞാനും സച്ചിനും ചേർന്നു ടോപ്പ് സ്റ്റേഷൻ പരിസരങ്ങളിലായ് കുറച്ചു കിളികളെ കാണാനും കഴിയുമെങ്കിൽ അവരുടെയൊക്കെ ഒരു ചിത്രമെടുകുവാനും നടന്നു..അതു കഴിഞ്ഞ് നേരെ വട്ടവട പോയ്,,താഴോട്ടു ഇറങ്ങിയില്ലെങ്കിലും അവിടെയൊക്കെ ഒന്ന് കറങ്ങി കുറച്ചു ചിത്രങ്ങളുമായ് തിരികെ വന്നു ഉച്ചയൂണും കഴിഞ്ഞൊന്നു മയങ്ങി ...വൈകുന്നേരം ഒന്ന് കൂടെ ടോപ്പ് സ്റ്റേഷൻ പരിസരങ്ങളിൽ കിളി കൂട്ടുകാരെ തേടി നടന്നു..രാത്രി ക്യാമ്പ് ഫയറും ചപ്പാത്തിയുമായ് അന്നത്തെ ദിനം പോയ് കിട്ടി..പിറ്റേ ദിവസത്തെ ട്രെക്കിങ്ങിനെ കുറിചൊരു രൂപം കിട്ടിയിരുന്നു അതോ കൊണ്ട് തന്നെ നേരത്തെ നിദ്രയെ പുൽകി (ദേവി തല്കാലം അവിടെ നിന്നോട്ടെ)..ശുഭ രാത്രി Zzzz ..
മൂന്നാം ദിവസം : വെള്ള കിഴക്കിൽ കീറുന്നതിനു മുന്നേ തന്നെ എഴുന്നേറ്റു പ്രഭാത കർമങ്ങൾ നിർവഹിച്ചു ട്രെക്കിങ്ങിനു എല്ലാവരും റെഡിയായ്, ഏകദേശം 14 കി.മി ആണു ദൂരം..മനോ മുന്നിൽ നടന്ന് തുടങ്ങി ..ഇനിയങ്ങോട്ട് കുത്തനെയുള്ള ഇറക്കമാണു..മഴ ഇടയ്ക്കൊക്കെ പെയ്യുന്നത് കൊണ്ട് വഴി മുഴുവൻ അത്ര മോശമല്ലാത്ത രീതിയിലായിരുന്നു..ഒരോ കാൽ വയ്യ്പ്പിലും വഴുതി വീഴാനുള്ള സാധ്യത ഉണ്ടായിരുന്നു..മൂടി കെട്ടിയ കാലാവസ്ഥയ്ക്കൊപ്പം നല്ല കോടയും.പണ്ട് സായിപ്പ് കുതിര സഞ്ചാരത്തിനു വേണ്ടി പണിത പാത ഇപ്പോം നാശമായി എങ്കിലും അന്ന് പാകിയ കല്ലുകൾ പലയിടത്തും തെളിഞ്ഞു കാണാം..മനോവാണു മുന്നിൽ നടക്കുനത് ഇംഗ്ലീഷ് ഒന്നും അറിയില്ലെങ്കിലും മനോവിന്റെ ആശയ വിനിമയം ഒന്ന് കാണേണ്ടതാണ് അതു കൊണ്ട് തന്നെ വിദേശികൾ അയാളെ തേടി വരാറുണ്ട് ..ബംഗ്ലൊറുകാരുടെ ചോദ്യങ്ങള്ക്ക് മനോ കൊടുക്കുന്ന ഉത്തരങ്ങൾ ശരിയാണെന്നു അവരുടെ മുഖ ഭാവത്തിൽ നിന്ന് തന്നെ മനസ്സിലക്കാം ...സെൽഫിയും കോടമഞ്ഞും എല്ലാം ചേർന്നു നല്ലൊരു ഫീൽ കുറച്ചു നല്ല ചിത്രങ്ങൾ കിട്ടി..വലതു വശത്തു കൊളുക്കുമല മഞ്ഞിൽ കുളിച്ചു നില്കുന്നു..ഏറ്റവും മുകളിലായ് കുറച്ചു കെട്ടിടങ്ങൾ കാണുന്നുണ്ടായിരുന്നു,സച്ചിനോട് കാര്യം തിരക്കി...അതാണു ഏറ്റവും പഴക്കമുള്ള തേയ്യില ഫാക്ടറി എന്ന മറുപടി കിട്ടിയപ്പോൾ തന്നെ അതൊന്നു കാണണം എന്നും മനസ്സില് കുറിച്ചിട്ടു.കുറച്ചു കുതിരകൾക്കു പുറത്തു സഞ്ചികളുമായ് ആളുകൾ കയറി വരുന്നുണ്ടായിരുന്നു.. ഇടയ്ക്കു കഴുതകളും ആ വഴി വരുന്നുണ്ടായിരുന്നു..കുരങ്ങിണിയ്ക്കും ടോപ്പ് സ്റ്റേഷനുമിടയ്ക്കു ചെറിയ ഗ്രാമം ഉണ്ട് അവിടെ ഒന്ന് വിശ്രമിയ്ക്കാനുള്ള സൗകര്യമുണ്ട്..ഞങൾ അവിടെ എത്തുമ്പോൾ അവിടെ ഉള്ളവരെല്ലാം കൊളുന്ത് വേലയ്ക്കു(തേയ്യില നുള്ളാൻ) പോയിരിക്കുന്നു..അവിടെ ഒരു കുഞ്ഞു ചായകട ഉണ്ട് ..ഇത് പോലെയുള്ള ചായകടകളിലെ ചായയ്കു ഒടുക്കത്തെ രുചി ആയിരിക്കും..ജീവിതത്തിൽ അന്നേ വരെ കട്ടൻ കാപ്പി കുടിക്കാത്ത പലരും ഒരു ഗ്ലസ്സോടെ നിർത്തുന്നത് കണ്ടില്ല ...അവിടെ കുറച്ചു നേരം വിശ്രമിച്ച ശേഷം വീണ്ടും ഞങ്ങൾ താഴോട്ടിറങ്ങി ..പഴയ കുതിര പാത കേടുപാടുകൾ കൂടാതെ തന്നെ ചിലയിടങ്ങളിൽ കിടപ്പുണ്ട്..അയ്യോ ! ഒരു മിനിട്ട് ഞാനെൻറെ ലെന്സിന്റെ ക്യാപ് ആ ചായകടയിൽ മറന്നു വച്ചു ഒന്ന് എടുത്തേച്ചു ഓടി വരാം ..ഭാഗ്യം അത് അവിടെ തന്നെ ഉണ്ടായിരുന്നു..ഇനി നമ്മുക്കു നടക്കാം സൂക്ക്ഷിക്കണം കല്ലുകളൊക്കെ കാലപ്പഴക്കം കൊണ്ട് തേഞ്ഞു നല്ല മിനുസം ആയിട്ടുണ്ട് ..തെന്നി പോവും..പറഞ്ഞത് ഞാനല്ല,മുന്നേ നടക്കുന്ന മനോ ആണ് ...കഴിഞ്ഞ ആഴ്ച്ച ഈ വഴിയിൽ കരിമ്പുലിയേ കണ്ടെന്നു മനോ പറഞ്ഞപ്പോ ബാംഗ്ലൂരുകാരുടെ നല്ല ശ്വാസം പോയി കിട്ടി ..പണ്ട് ആനക്കുളത്തു വച്ചു പൊട്ടിയ ലഡു പോലെ വീണ്ടും എന്റെ മനസ്സില് ചട പടെ ലഡു പൊട്ടി ..ആഹ് പൊട്ടിയത് മാത്രം മിച്ചം ..കരിമ്പുലി പോയിട്ടു ഒരു പൂച്ച കുഞ്ഞിനെ പോലും കണ്ടില്ല..കിളി കൂട്ടുകാരേയും കാണാനില്ല ..കുരങ്ങിണിയ്ക്കു 5-6 കി.മി എത്തുന്നതിനു മുന്നേ ആളുകളുടെ ബഹളം കേട്ടു തുടങ്ങി ...കൂടെ ഒരു വെള്ളച്ചട്ടാത്തിന്റെ ശബ്ദ്ദം കേൾകുന്നില്ലേ...? ഉണ്ട്...കുറച്ചു കൂടെ മുന്നോട്ടു പോയപ്പോൾ ഒരു അരുവി ..അത്ര കുഞ്ഞല്ല,വെള്ളം കുറവായതു കൊണ്ട് അങ്ങിനെ തോന്നിയതാ..ഇനിയൊരു വിശ്രമം ആവാം എന്ന് മനോ പറയേണ്ട താമസം ബാന്ഗ്ലൂരുകാര് വെള്ളത്തിലോട്ട് ചാടി ആഴമില്ലത്തതു കൊണ്ട് അപകടമില്ല...തെന്നാനുള്ള സാധ്യത ഉണ്ട് എന്നൊരു മുന്നറിയിപ്പ് കൊടുത്തു ഞാൻ നേരത്തേ കേട്ട വെള്ളച്ചാട്ടത്തിന്റെ ഉറവിടം തിരയാൻ തുടങ്ങി ..കുറച്ചു അകലെയായി ഒരു വെള്ളച്ചാട്ടത്തിന്റെ ചെറിയൊരു ഭാഗം കാണുന്നുണ്ട് ..പക്ഷേ ഇപ്പോൾ നിൽക്കുന്ന ഭാഗത്ത് കൂടെ പോവാൻ വഴിയില്ല വീണാൽ ക്യാമറ വെള്ളത്തിലാവും ...എതിർവശത്തായി കാണുന്ന വലിയ പാറകെട്ടിന്റെ മുകളിൽ കയറിയാൽ നല്ലൊരു കാഴ്ച്ച ആയിരിക്കും തീർച്ച..പിന്നെ ആലോചിച്ചു നിന്നില്ല പുഴ കടന്നു പാറകെട്ടിനു അരികിലെത്താനുള്ള വഴി തേടി ..കുറച്ചു നേരത്തിനുള്ളിൽ ആ ശ്രമം വിജയം കണ്ടു ..പാറകെട്ടിലോട്ടു വലിഞ്ഞു കയറാൻ തുടങ്ങി ..കാലൊന്നു വഴുതിയാൽ ക്യാമറയും ഞാനുമടക്കം ഉരുണ്ട് താഴേയ്ക്കു പതിയ്ക്കും,..ഞാനിങ്ങു കയറി വന്നത് ആരും കണ്ടിട്ടുമില്ല...അവസാനം ആനപ്പുറം പോലെയുള്ള ആ പാറയ്ക്ക് മുകളിൽ എത്തി ...OMG ...!!!! കയറി വന്ന ക്ഷീണം ഒക്കെ നിമിഷ നേരം കൊണ്ട് പോയ് മറഞ്ഞു..പ്രകൃതിയുടെ ഒരു ദൃശ്യ വിസ്മയം അവിടെ എനിയ്ക്കായ് ഒരുക്കി വച്ചിരുന്നു...നെല്ലിയാമ്പതി മലനിരകളിലെ ഒരു വർഷത്തോളം നീണ്ടു നിന്ന വന ജീവിതം ഇത് പോലെയുള്ള സാഹചര്യങ്ങളെ എങ്ങിനെ അതി ജീവിക്കാം എന്ന് നല്ല വണ്ണം മനസ്സിലാക്കി തന്നിരുന്നു അത് കൊണ്ട് മാത്രമാണു ഇത്രയും ബുദ്ധിമുട്ടി ഇങ്ങോട്ടു കയറി വന്നത് അല്ലാതെ ആവേശമല്ല ..മനോഹരമയാ വെള്ളച്ചാട്ടത്തിന്റെ മുകൾ തട്ട് വരെ കാണാമായിരുന്നു അപ്പോഴാണു അതിന്റെ യഥാർഥ് രൂപം പിടി കിട്ടിയത് ...വർണ്ണിക്കാൻ വാക്കുകളില്ല ..തുള്ളി ചാടാൻ തോന്നി പെട്ടന്ന് തന്നെ ഞാൻ നിൽക്കുന്ന ഇടത്തെ കുറിചു ബോധം വന്നതിനാൽ അടങ്ങി നിന്ന് കുറച്ചു ചിത്രങ്ങൾ എടുത്തു ...പതിയേ ആരും അറിയാതെ താഴോട്ടിറങ്ങി ടീമിനൊപ്പം ചേർന്നു ...എല്ലാവരുടെയും കുളി കഴിഞ്ഞു വീണ്ടും നടത്തം തുടങ്ങി ...ചിത്രങ്ങൾ ഞാൻ ആരേയും കാണിച്ചില്ല ..ഇനി അതെങ്ങാനും കണ്ടേ പറ്റൂ എന്ന് പറഞ്ഞാലോ ..അര മണികൂറിനകം കൊരങ്ങിണി എത്തി ..നേരത്തെ ഏർപ്പാടാക്കിയ പോലെ ട്രാവലർ അവിടെ നില്പ്പുണ്ടായിരുന്നു...അവിടെ നിന്നും ബോഡിനായ്കന്നൂർ വഴി പൂപ്പാറ-ആനയിറങ്ങൽ ഡാം പരിസരത്തു കൂടെ മുന്നാറിലോട്ടു യാത്രയായ് ...ഇടയ്ക്കു ബോഡി ചുരത്തിൽ കണ്ട വെള്ളച്ചട്ടതിനരുകെ വാനിൽ കരുതിയിരുന്ന ഉച്ചഭക്ഷണം അകത്താക്കി...ആ മാസം വൃതത്തിലായിരുന്നതിനാൽ എനിയ്ക്കു മാത്രം ഭക്ഷണം നഹി നഹി .. :) (മാംസാഹാരം) വരുന്ന വഴിയ്ക്കു വാഹനത്തിൽ ഇരുന്നു ചില ചിത്രങ്ങൾ പകർത്തി..മുന്നാർ എത്തിയപ്പോൾ ബാംഗ്ലൊരുകരോട് യാത്ര പറഞ്ഞ ഞങ്ങൾ ടോപ്പ് സ്റ്റേഷനിലോട്ടു യാത്ര തിരിച്ചു ...രാത്രി കിട്ടിയ ഭക്ഷണവും അകത്താക്കി പുതപ്പിനടിയിലേയ്ക്കു ചുരുണ്ട് കൂടി ....
നാലാം ദിവസം : സൂര്യോദയം കാണാൻ ടോപ്പ് സ്റ്റേഷനിലോട്ടു വച്ചു പിടിച്ചു ..പൊന്നിൽ കുളിച്ച സൂര്യോദയം കണ്ടു 10 മണിയോടെ ടോപ്പ് സ്റ്റേഷനോടു യാത്ര പറഞ്ഞു ..വീണ്ടും കാണാമെന്നു പറഞ്ഞു...
ചിത്രങ്ങൾ എല്ലാം കാണാൻ ശ്രമിയ്ക്കുക ..എങ്കിലേ വിവരണത്തിന്റെ യഥാർഥ ഫീൽ കിട്ടുകയുള്ളൂ