അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ; ഇലക്ടറല്‍ കോളേജ് ട്രംപിന്റെ വിജയം ഉറപ്പിച്ചു

person access_timeDecember 20, 2016

വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ജെ ട്രംപിനെ ഇലക്ടറല്‍ കോളേജ് തെരഞ്ഞെടുത്തു. പൊതുവെ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥി തന്നെയാണ് ഇലക്ടറല്‍ കോളേജിലും വിജയിക്കുക.

എന്നാല്‍ ട്രംപിനെതിരെ ഉയര്‍ന്ന വിവാദങ്ങളും ജനവികാരവും കണക്കിലെടുത്ത് ഇലക്ടറല്‍ കോളേജിന്റെ തീരുമാനത്തിനായി ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ട്രംപിന് വോട്ട് ചെയ്യരുത് എന്നാവശ്യപ്പെട്ട് സെനറ്റ് അംഗങ്ങള്‍ക്ക് ആയിരക്കണക്കിന് ടെലഫോണ്‍ കോളുകളും ഇമെയിലുകളും ലഭിച്ചിരുന്നു. എങ്കിലും അതിനെയെല്ലാം അതിജീവിച്ച്‌ ട്രംപ് വിജയം വരിക്കുകയായിരുന്നു.

പ്രസിഡന്റാകാനായി ഇലക്ടറല്‍ കോളേജില്‍ കുറഞ്ഞത് 270 വോട്ടുകളാണ് വേണ്ടത്. 304 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ നേടിയാണ് ട്രംപ് വൈറ്റ്ഹൗസിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്. ഔദ്യോഗിക വിജയം ഉറപ്പിച്ച ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും എല്ലാ അമേരിക്കക്കാരുടേയും പ്രസിഡന്റായിരിക്കും താന്‍ എന്നും പറഞ്ഞു. അമേരിക്കയിലെ തനത് സമ്ബ്രദായം പിന്‍തുടരുന്നതിന്റെ ഭാഗമായാണ് ഇലക്ടറല്‍ കോളേജ് വോട്ടിംഗ് നടത്തുന്നത്.

അതേസമയം 306 ഇലക്ടറല്‍ കോളേജ് വോട്ടുകളുള്ള ഡൊണാള്‍ഡ് ട്രംപിന് രണ്ട് റിപ്പബ്ലിക്കന്‍ വോട്ടുകള്‍ നഷ്ടമായിട്ടുമുണ്ട്. അതുകൊണ്ടാണ് ട്രംപിന് ലഭിച്ച വോട്ടുകള്‍ 304 ആയി കുറഞ്ഞത്. മറുപക്ഷത്ത് നാല് ഡെമോക്രാറ്റുകളും തങ്ങളുടെ വോട്ട് മറിച്ചു. വൈസ് പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക്ക് പെന്‍സും വിജയിച്ചിട്ടുണ്ട്.
ജനുവരി 6-നാണ് ഇലക്ടറല്‍ കോളേജ് വോട്ടുകളുടെ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാവുക. ജനുവരി 20-ന് അമേരിക്കയുടെ 45-ആം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും