ചൈനയെ ലക്ഷ്യമിട്ട് ഇന്ത്യ; അഗ്നി-5 അവസാനഘട്ട പരീക്ഷണം ഉടന്‍

person access_timeDecember 14, 2016

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി 5 ന്റെ അവസാനഘട്ടപരീക്ഷണം ഉടന്‍ നടക്കുമെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിആര്‍ഡിഒ) വൃത്തങ്ങള്‍ അറിയിച്ചു.

2015 ജനുവരിയിലാണ് അഗ്നി അഞ്ച് ഇതിനു മുന്‍പ് പരീക്ഷിച്ചത്. ഒഡീഷയിലെ വീലര്‍ ദ്വീപില്‍ വച്ചു നടന്ന ഈ പരീക്ഷണം വിജയകരമായിരുന്നു. ഈ പരീക്ഷണത്തില്‍ ശ്രദ്ധയില്‍പ്പെട്ട ചില ന്യൂനതകള്‍ കൂടി പരിഹരിച്ചാവും അഗ്നി 5 ന്റെ അവസാനഘട്ട പരീക്ഷണം.

ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ അഗ്നി അഞ്ചിന്റെ അന്തിമപരീക്ഷണം നടത്താനാണ് പ്രതിരോധവൃത്തങ്ങള്‍ ആലോചിക്കുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തിലാണെന്ന് പ്രതിരോധവിഭാഗം ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് ടൈസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ആണവായുധം വഹിക്കാന്‍ ശേഷിയുള്ള അഗ്നി അഞ്ച് മിസൈലിന് നിലവിലെ ശേഷി വച്ച് ചൈനയുടെ വടക്കന്‍ മേഖലകളില്‍ വരെ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്. പ്രതിരോധ രംഗത്ത് മേധാവിത്വം നേടിയെടുക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള മത്സരത്തില്‍ അഗ്നി അഞ്ച് ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.

Image result for agni 5

അഗ്നി അഞ്ച് സൈന്യത്തിന്റെ ഭാഗമാക്കുന്നതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ സൂപ്പര്‍ എക്‌സ്‌ക്ലൂസീവ് ക്ലബില്‍ ഇന്ത്യയും ഉള്‍പ്പെടും. 5000 മുതല്‍ 5500 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിവുള്ള മിസൈലുകളെയാണ് ഭൂഖണ്ഡാന്തര മിസൈലുകളുടെ ഗണത്തില്‍പ്പെടുത്തുന്നത്. നിലവില്‍ അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഇത്തരം മിസൈലുകള്‍ സ്വന്തമായുള്ളത്.

നേരത്തെ ന്യൂക്ലിയര്‍ ദാതാക്കളുടെ ഗ്രൂപ്പില്‍ (ന്യൂക്ലിയര്‍ സപ്ലൈ ഗ്രൂപ്പ്) അംഗത്വം നേടുവാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. എന്നാല്‍ മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റീജീമില്‍ (എംടിസിആര്‍) അംഗത്വം നേടിയെടുത്ത ഇന്ത്യ ചൈനയുടെ ബദ്ധവൈരികളായ ജപ്പാനുമായി ആണവകരാറില്‍ ഒപ്പിടാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

2012 ഏപ്രിലിലാണ് ഇന്ത്യ ആദ്യമായി അഗ്നി അഞ്ച് പരീക്ഷിച്ചത്. പിന്നീട് 2013 സെപ്തംബറിലും, 2015 ജനുവരിയിലും പരീക്ഷണം ആവര്‍ത്തിച്ചു. മിസൈലിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് വേണ്ടിയുള്ള പരീക്ഷപറക്കലുകളാണ് ഇതുവരെ നടന്നതെങ്കില്‍ അഗ്നി അഞ്ചിന് സൈന്യത്തിന്റെ ഭാഗമാക്കും മുന്‍പുള്ള അന്തിമപരീക്ഷണമാണ് ഇനി നടക്കാനിരിക്കുന്നത്.
പൃഥി, ധനുഷ് മിസൈലുകള്‍ കൂടാതെ ഇന്ത്യന്‍ സൈന്യം മുഖ്യമായും ആശ്രയിക്കുന്നത് തദ്ദേശീയമായി നിര്‍മ്മിച്ച യ അഗ്നി മിസൈലുകളെയാണ്. അഗ്നി 1 (700- 1250 കിമീ) അഗ്നി 2 (2000-3000 കിമീ), അഗ്നി 3 (3500- 5000 കിമീ), അഗ്നി 4 (3000-4000 കിമീ) എന്നിങ്ങനെയാണ് മറ്റു അഗ്നി മിസൈലുകളുടെ ദൂരപരിധി. പൃഥി,ധനുഷ്, അഗ്നി 1,2,3 മിസൈലുകള്‍ പാകിസ്താനെ ലക്ഷ്യം വച്ചാണ് നിര്‍മ്മിച്ചതെങ്കില്‍ അഗ്നി 4, അഗ്നി 5 മിസൈലുകള്‍ ചൈനയ്ക്കാണ് ഭീഷണി ഉയര്‍ത്തുന്നത്.

അതേസമയം 2017-ല്‍ ഇന്ത്യ പരീക്ഷിക്കുമെന്ന് കരുതപ്പെടുന്ന അഗ്നി-6 മിസൈലിന് 8000-10,000 കീമി ദൂരപരിധിയില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. എഷ്യ,യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങള്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന അഗ്നി-6ന് വടക്കെ അമേരിക്കയിലും എത്തുവാന്‍ സാധിക്കും. അഗ്നി ആറും വിജയകരമായി പരീക്ഷിക്കാന്‍ സാധിച്ചാല്‍ പകുതി ഭൂമിയും ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണപരിധിയിലെത്തും.

അഗ്നി ആറ് പരീക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഇനിയും അനുമതി നല്‍കിയിട്ടില്ലെങ്കിലും ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുവെന്നാണ് അറിയുന്നത്. എംടിസിആര്‍ അംഗത്വം ലഭിക്കാത്തതാണ് നേരത്തെ അഗ്നി ആറ് പരീക്ഷണത്തില്‍ നിന്ന് നേരത്തെ ഇന്ത്യയെ പിന്നോട്ട് വലിച്ചിരുന്നത്.

എന്നാല്‍ 2016 ജൂണില്‍ എംടിസിആര്‍ അംഗത്വം നേടിയെടുത്തതോടെ സൂര്യ, അഗ്നി-6 എന്നീ പേരുകളിലറിയപ്പെടുന്ന അത്യാധുനിക ഇന്റെര്‍ കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ നടപടികള്‍ ഇന്ത്യ ദ്രുതഗതിയിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


Related News

മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പു വരുത്താൻ ഇന്ന് "ലോക മൃഗ ദിനം"

access_timeOctober 04, 2019

ഒക്ടോബർ 4, മൃഗങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് ഓഫ് അസ്സീസ്സി യുടെ ഓർമ്മക്കായി , ലോക മൃഗ ദിനമായി ആചരിച്ചു പോരുന്നു. ഭൂമിയുടെ അവകാശികളായ

തൃക്കോവിൽ മഹാദേവ ക്ഷേത്രം

access_timeDecember 17, 2018

പുതപ്പള്ളി കവലയിലെ ആറാട്ട് സ്വീകരണം ഡിസംബർ 23 -ാം തീയതി തത്സമയം....

ഏറ്റുമാനൂർ ശീ മഹാദേവ ക്ഷേത്രം തിരുവുത്സവം 2018

access_timeFebruary 18, 2018

പഞ്ചാക്ഷരിമന്ത്രങ്ങളാൽ‍ മുഖരിതമായ അന്തരീക്ഷത്തിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തില്ൽ തീര്‍ഥാടകസഹസ്രങ്ങൾക്കു ദര്ശനപുണ്യം നൽകി