പറമ്പികുളത്തേക്ക് ഒരു യാത്ര

person access_timeApril 08, 2017

കേരളത്തിന്റെ രണ്ടാം കടുവ സംരക്ഷണകേന്ദ്രമായ പറമ്പിക്കുളം ടൈഗർ റിസർവ് ഫോറസ്റ്റിലേക്കാണ് ഈ യാത്ര...
കടലും കടുവയും തമ്മിൽ വല്ല ബന്ധവുമുണ്ടോ..? അതുമല്ലെങ്കിൽ പറമ്പിക്കുളത്ത് കടലുണ്ടോ ..? ചോദ്യം ഓർമ്മയിലിരിക്കട്ടെ ഉത്തരം വരികൾ തരുമെന്ന വിശ്വാസത്തോടെ...
കേരള തമിഴ്നാട് അതിർത്തി പങ്കിടുന്ന വെങ്ങോലി മലയും ഷോളയാർ കാടുകളും നെല്ലിയാമ്പതി റിസർവ് ഫോറസ്റ്റും ആനമല കടുവ സങ്കേതവും കൊണ്ട് ചുറ്റപ്പെട്ട് സഹ്യപർവ്വതത്തിന്റെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്കുമാർ സവിശേഷതയുള്ള ആറുനൂറ്റി നാല്പത്തി മൂന്ന് ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്ന പറമ്പിക്കുളം; പെരിയാർ ടൈഗർ റിസർവിന് ശേഷം രണ്ടായിരത്തിപത്തിലാണ് ടൈഗർ റിസർവ് ആയി പ്രഖ്യാപിച്ചത്.
തുണക്കടവ് എന്ന പേരിൽ അറിയപ്പെടുന്ന പറമ്പിക്കുളം ഡാമിന് ഇതര ഡാമുകളിൽ നിന്ന് ഒരു പ്രത്യേകതകൂടെയുണ്ട് മലകൾ തുരന്ന് രണ്ട് ഡാമുകൾ തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട് എന്നതാണ് ആ വ്യത്യാസം. ശിരുവാണി ഡാം പോലെ തന്നെ ഡാം മുഴുവൻ കേരളത്തിൽ ആണെങ്കിലും വെള്ളം മുഴുവൻ തമിഴ്‌നാടിന് തന്നെയാണ്.
മതി കഥപറഞ്ഞത് നമുക്കിറങ്ങാം വൈകീട്ട് മൂന്നിന് ആനപ്പാടിയിൽ കാടിനെ പ്രണയിക്കുന്ന കാട്ടുവാസി കുടുംബത്തിൽ അലിഞ്ഞുചേരാനുള്ളതാണ്. (കുടുംബം - ട്രൈബ) പതിവ് പോലെ തന്നെ ലത്തീഫും ശാഫിയും സബാനും സഹയാത്രികർ,
17 -12 - 2016 ശനി
രാവിലെ ഏഴുമണിക്ക് തന്നെ വീട്ടിൽ നിന്ന് ഇറങ്ങി എട്ട് മണിക്ക് മഞ്ചേരിയിൽ നിന്നും യാത്ര തുടങ്ങി പാണ്ടിക്കാട് മണ്ണാർക്കാട് വഴിയെ ഒരുഭാഗം നൂറ്റിയെഴുപത് കിലോമീറ്റർ ദൈർഘ്യമുള്ള ഒരു യാത്രയിൽ പ്രഭാതഭക്ഷണം ഉമ്മയുടെ കൈ കൊണ്ടും ഉച്ച ഭക്ഷണം തമിഴ്ച്ചുവ കലർന്ന അമ്പർപാളയത്തിലെ ഒരു തനിതമിഴ് മക്കാനിയിൽനിന്നും.
നീണ്ടു നിവർന്നു കിടക്കുന്ന വഴിയോരങ്ങൾ ഹൃദയത്തിൽ പുതിയ പ്രകാശ പ്രബഞ്ചം സൃഷ്ടിക്കുകയാണ്. കാഴ്ചയുടെ വിസ്മയം പതിയെ പുറകിലോട്ട് വകഞ്ഞു മാറ്റുമ്പോൾ വന്യതയോടുള്ള പ്രണയം മനസ്സിൽ അലതല്ലുന്നു.
സേതുമടയിൽ നിന്നും തിരിഞ്ഞ് ആനമല ചെക്ക് പോസ്റ്റിൽ വേണ്ട പെർമിഷനും ഫീയും അടച്ചു വന്യതയിലേക്ക് ഊളിയിട്ടപ്പോൾ കണ്ണുകൾ കടുവയെ പരതുന്നുണ്ടായിരുന്നു ഖൽബിൽ പച്ചപ്പിനോടുള്ള ഇഷ്ക്കിന്റെ പേമാരിയും..!!
പാലക്കാട് നിന്നും പറമ്പിക്കുളത്തേക്ക് ഏകദേശം തൊണ്ണൂറ് കിലോമീറ്റർ ദൂരമുണ്ട്. നാട്ടിലും നഗരത്തിലും എന്റെ സന്തതസഹചാരിയായ വെളുത്ത കുതിര കുതിച്ചു ചാടുമെങ്കിലും കാട് അവനും ഒരു ഹരമാണ് ഓരോ ചെറു അനക്കവും ശബ്ദവും അസ്വദിച്ചേ ഓടു. അല്ല..! അവനിപ്പോ നടക്കുകയാണ്. കൃത്യസമയം റിപ്പോർട്ട് ചെയ്ത് രജിസ്റ്റേഷൻ കാര്യങ്ങൾ പൂർത്തിയാക്കി ഓരോ ചായയും നുകർന്ന് പക്ഷിനിരീക്ഷണം എന്ന പേരിൽ ഇലപൊഴിയും കാടിനുള്ളിലൂടെ നടക്കാനിറങ്ങി.
കാടിന്റെ അവകാശി പക്ഷിപറവകൾ മധുവൂറുംശീലിന്റെ അകമ്പടിയോടെ കാട് മക്കളെ വരവേറ്റു.
അസ്തമയസൂര്യകിരണമേറ്റ് തിളങ്ങുന്ന ഒരു സുന്ദരിയെ ചൂണ്ടി വഴികാട്ടി പറഞ്ഞു ഇതാണ് കാട്ടിലെ നഗ്നസുന്ദരി എന്നറിയപ്പെടുന്ന വെൺതേക്ക്, വർഷത്തിൽ ഒരു തവണ ഇലയും തൊലിയും അഴിച്ചു വെച്ച് കുലീനമായ ഈ ദേവതയെ വിശേഷിപ്പിക്കാൻ നഗ്നസുന്ദരി എന്നതിനേക്കാൾ അനിയോജ്യം മറ്റെന്തുണ്ട്.
അൽപ്പം കൂടെ ആ വഴിയേ മുന്നോട്ട് ഗമിച്ചപ്പോൾ കാട് സമ്മാനിച്ച കാഴ്ച്ചയിൽ മർത്യ മനസ്സിനെ ലജ്ജിപ്പിക്കും വിധമായിരുന്നു. കാട്ടിൽ വറുതിയുടെ കാലമത്രെ, കിളിർത്തുവരുന്ന താണിയിലയും താണികുരുവും കഴിക്കുന്ന കരിങ്കുരങ്ങും മലയണ്ണാനും ആ കഴിച്ച കുരുവിന്റെ തൊലിയും അവശിഷ്ടവും കഴിക്കുന്ന മാൻപേട കൂട്ടവും എന്തൊരു സഹകരണത്തോടെയാണ് അവരുടെ ജീവിതം. ഗൈഡുമാരായ ആദാനും നല്ലതമ്പിയും കിനാവിലേക്കാണോ കൈ പിടിച്ചു നടത്തുന്നത്...?
ആ നടത്തം അവിടെ അവസാനിച്ചില്ല, പാലായനം ചെയ്യുന്ന ഖാഫിലകൂട്ടം കണക്കെ വരിവരിയായി കാടിന്റെ അകത്തളങ്ങളിലേക്ക്... കിളികളുടെ പ്രണയഗീതം തല്ലിതകർത്ത് ഇടിമുഴക്കം പോലോരു ചിന്നംവിളി ഹൃദയന്തരങ്ങളിൽ ഭീതിപടർത്തി.
ഗജവീരൻ തന്റെ ഇണക്കും കുഞ്ഞിനും സംരക്ഷണവലയം തീർക്കുന്നതാണ്, കൂട്ടത്തിൽ കൊമ്പനെ കാണുന്നത് അപൂർവ്വമാണ് അവൻ തന്റെ കൂട്ടത്തിലുള്ളവർക്ക് സുരക്ഷ ഉറപ്പാക്കാൻ പിന്നിലോ മുമ്പിലോ ആവും, ഒരിക്കലും ഒരു കാട്ടിൽ ഒറ്റയാനില്ല ഉണ്ടാവുകയെങ്കിൽ തന്നെ അവൻ സ്ഥിരമായ ഒരു ഒറ്റയാനല്ല, അവൻ മറ്റൊരു കൂട്ടത്തിൽ ചേരാൻ അലയുന്നതാണ് ഒരു കൂട്ടത്തിലുള്ള കൊമ്പനെ തോൽപ്പിച്ചു വേണം ആ കൂട്ടത്തിൽ ചേരാൻ. ഇവരുടെ ജീവിത ശൈലിയും വ്യത്യസ്തമാണ് , കാട് അടക്കി വാഴുന്നവരാണ് ആനകൾ ഓരോ ദിവസവും കിലോമീറ്ററുകൾ താണ്ടി സഞ്ചരിച്ചു കൊണ്ടേയിരിക്കും ഓരോ വഴിയും മനസ്സിൽ കുറിച്ചിടും, മികച്ച ഓർമ്മ ശക്തിയാണ് ആനകൾക്കുള്ളത്. പ്രജനനവും വ്യത്യസ്തം ഇരുപത്തിമൂന്ന് മാസം കാലമാണ് ഗർഭകാലം ഏകദേശം പ്രസവത്തിന്റെ കുറച്ചു മാസങ്ങൾക്ക് മുൻപ് ആ അമ്മ വെള്ളവും ഭക്ഷണവും കിട്ടുന്ന ജനവാസ പരിസരങ്ങളിലേക്ക് കൂട്ടത്തിൽ നിന്നും മാറി താമസിക്കും പ്രസവത്തിന് ആഴ്ച്ചകൾക്ക് മുൻപ് തന്റെ യോനിയിൽനിന്നും വരുന്ന ദ്രാവകത്തിന്റെ ദുർഗന്ധം കാടെങ്ങും പരക്കുമ്പോൾ പ്രസവിച്ചയുടനെ തന്റെ കുഞ്ഞിനെ തട്ടിയെടുക്കാൻ കടുവ തക്കം പാർതിരിക്കുന്നുണ്ടാവും അതിനെ പ്രതിരോധിക്കാൻ ഒറ്റക്കാക്കി പോയ ആ ആനകൂട്ടവും മടങ്ങിയെത്തും ആ ആനയുടെ പ്രസവം കടുവ പോയിട്ട് മനുഷ്യൻ പോലും കാണാൻ കഴിയില്ല. കാരണം ഒരുപാട് ആനകൾ ഗർഭിണിയെ ചുറ്റിപൊതിഞ്ഞിരിക്കും ഒത്ത നടുവിൽ ഈ സംരക്ഷണ മതിലിനുള്ളിൽ അവൾ ഒരു കുഞ്ഞിന് ജന്മം നൽകും. പ്രായപൂർത്തിയാവുന്നത്‌ വരെ അമ്മയോടൊപ്പം കഴിയുന്ന കുഞ്ഞ് ലൈംഗിക ശുദ്ധിക്കും മറ്റും മറ്റൊരു കൂട്ടത്തിലേക്ക് കൂടിച്ചേരും. എങ്ങനെയുണ്ട് ആനക്കഥ... ന്നാ പോയാലോ കുറച്ചൂടെ നടന്നാൽ തമിഴ്നാടെത്തും. കരിയിലകൾ ചവിട്ടി കിലുകിലു ശബദവുമായി ഡാമിൽ നിന്നും വെള്ളം കൊണ്ടുപോവുന്ന തുരങ്കപാതയിൽ റെഗുലേറ്റർ സ്ഥാപിച്ചതും കണ്ടു.
സൂര്യൻ പടിഞ്ഞാറ് താഴുകയാണ്. അതെ ഒരു പകൽ കൂടി മരിക്കുകയാണ്. കുങ്കുമകിരണങ്ങളുടെ സസ്യച്ചാന്തുകൾ മരച്ചില്ലകൾക്കിടയിലൂടെ വാരി വിതറുകയാണ് സൂര്യൻ... പടിഞ്ഞാറൻ ചക്രവാളത്തിൽ യാത്രാമൊഴിയോടെ തുടുത്ത വിരഹനൊമ്പരം കാടിനോട് പങ്കുവെക്കുന്നപോലെ...
ഡോർമാറ്ററിയിലായിരുന്നു താമസ സൗകര്യം. ഒന്ന് ഫ്രഷായി ഡിന്നർ കഴിച്ചു പരിചയപ്പെടൽ ചടങ്ങും സഹ്യനെ കുറിച്ചും കടുവയെ കുറിച്ചും ഡോക്യുമെൻറ്ററി പ്രദർശനവും കഴിഞ്ഞു.
നിലാമഴ പൊഴിയുമ്പോൾ വീശിയൊഴുകുന്ന ഇളംതെന്നൽ മരച്ചില്ലകൾക്കിടയിൽ കുസൃതികാട്ടുകയാണ്. നേർത്ത തണുപ്പിന്റെ ആവരണത്താൽ കാനനറാണി കുളിച്ചു തോർതിയെത്തിയപോലെ...
ഇത്തിരി കടുവകാര്യംപറഞ്ഞാലോ.?
ഞാൻ : കടുവയും കടലും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ.?
ശാഫി : അല്ല .. നിനക്ക് വട്ടായോ.?
സബാൻ : ഒരു ബന്ധവുമില്ല...
ലത്തൂസ് : ഉണ്ടോ...?
ഞാൻ : പുഴയും കടലും തമ്മിൽ എന്തെങ്കിലും ബന്ധം...?
സബാൻ : കടലിൽ വെള്ളം എത്തുന്നത് പുഴ വഴിയല്ലേ.
ലത്തൂസ് : ഉണ്ട്...
ശാഫി : അനക്ക് ഭ്രാന്താ... എല്ലാർക്കും അറിയുന്നതല്ലേ ഉണ്ടെന്ന്.
ഞാൻ : ഈ കടുവയെ കടലിനോട് ബന്ധിപ്പിക്കുന്ന ഒരു മാധ്യമമാണ് പുഴ.
സഹ്യപർവ്വത മല നിരകളിൽ അവസാന കടുവയും ഇല്ലാതാവുമ്പോൾ കൂടെ നമ്മുടെ പല പുഴകളും ഇല്ലാതാവും. ഒരു കാടിന്റെ നിലനിൽപിന് അത്രമാത്രം പങ്ക് ടൈഗറിനുണ്ട്. കടുവയില്ലാത്ത കാട്ടിൽ മാനും കാട്ടിയും പെറ്റുപെരുകും അവ കാട് മുഴുവൻ തിന്ന് തീർക്കും. ഒരു പുല്നാമ്പിനെ പോലും പുറംലോകം കാണാനനുവദിക്കില്ല. കാട് മരുഭൂമിക്ക് തുല്യമാവും. അവിടെനിന്നെങ്ങനെ ഒരു അരുവിയൊഴുകും..
ഒരു നിശ്ചിത പരിധിയിൽ മാത്രം ജീവിക്കുന്ന കടുവ അവന്റെ പരിധി നിശ്ചയിക്കുന്നത് ഒരു പ്രത്യേക തരം ദ്രാവകം മരങ്ങളിലും മറ്റും സ്പ്രേ ചെയ്തുകൊണ്ടാണ്. നമ്മുടെ നാട്ടിൽ പൂച്ചകൾ ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു പരിചയമില്ലാത്ത വാഹനം പൂച്ചയുടെ വാസപരിധിയിൽ വന്നാൽ അവൻ അതിന്റെ ചക്രങ്ങളിൽ പോയി മൂത്രമൊഴിക്കുന്നത്. സത്യത്തിൽ അത് മൂത്രമൊഴിക്കുന്നതല്ല. അവിടെയും നടക്കുന്നത് ടറിട്ടറിമാർക്കിങ്ങാണ്. മർജാര വംശത്തിലെ ഏറ്റവും വലിയ ജീവിഎന്ന നിലയിൽ വരയൻ പുലിയും ചെയ്യുന്നത് അതേ മെതെർഡാണ്. താൻ മാർക്ക് ചെയ്ത പരിധിക്കുള്ളിൽ മറ്റൊരു ആൺകടുവ വന്നാൽ തമ്മിൽ തല്ലി കൊല്ലാൻ വരെ മടിക്കാത്ത കൂട്ടരാണ്.
ചുരുക്കി പറഞ്ഞാൽ ഇക്കോസിസ്റ്റ്ത്തിൽ ടൈഗറിന്റെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടാണ് കേന്ദ്രസർക്കാർ കടുവയുള്ള കാടുകളെ ടൈഗർ റിസർവ്വ് ആയി പ്രഖ്യാപിച്ച് സംരക്ഷിക്കുന്നത്.
കടുവയെ സംരക്ഷിക്കുന്നത് വഴി കാടും കാട്ടാറും അരുവിയും പുഴയും കടലും നില്നിന്നുപോരുന്നു...
കളിയും തമാശയുമായി ഉറക്കിനെ തോൽപ്പിച്ച ഒരു രാത്രികൂടെ വിരുന്നുവന്നിരിക്കുന്നു. രാവിലെ കാറിൽ കയറിയപ്പോൾ തുടങ്ങിയതാണ് ലത്തൂസ്. ഡ്രൈവിങ്ങിൽ മുഴുക്കെ പാട്ടുകേൾക്കുന്ന എനിക്ക് പാട്ട്പെട്ടി ഓൺ ചെയ്യേണ്ടി വന്നിട്ടില്ല. ശാഫിയും സബാനും ലത്തീഫിനോട് മത്സരിച്ചു തോൽക്കുന്നു. ഈ യാത്രയിലും മാൻ ഓഫ് ദി മാച്ച് ലത്തീഫിന് തന്നെ. ഹാരിസും ഗഫൂറും കൂടെ ഉണ്ടങ്കിൽ മത്സരം ചൂട് കൂടുമായിരുന്നു. ചിരിച്ചു ചിരിച്ചു കഴിച്ച ചപ്പാത്തി കത്തി കഴിഞ്ഞപ്പോൾ പുലികൾക്കിടയിൽ അറിയാതെ മയങ്ങിപോയി.
ജാലകങ്ങൾക്കിടയിലൂടെ ക്ഷണിക്കാതെ തന്നെ ശൈത്യം അരിച്ചുകയറുന്നത് കണ്ടാണ് അതിരാവിലെ ഉണർന്നത്. പക്ഷികളുടെ ശീലുകൾ കാട് മുഴുവനും പരക്കുന്നു...
നല്ല തമ്പിയേയും ആദാനെയും കൂട്ടി അതിരാവിലെ തന്നെ ട്രാക്കിങ് തുടങ്ങി. മനസ്സിന്റെ ഋതുഭേദങ്ങൾ വഴിമാറി നിൽക്കുന്ന കാനനവീഥിയിൽ ആദിത്യസ്പർശം തൊട്ട്തലോടാൻ തുടങ്ങുന്നതെയൊള്ളു. കാടിന്റെ സുഗന്ധചാരുതപരിമളം മനസ്സിനെ ധന്യമാക്കി...
കാടറിഞ്ഞുകാണില്ല ഇത്രയും പോന്ന ഒരു സംഘം ഇതുവഴി കടന്നുപോയത് അത്രയും അച്ചടക്കത്തോടെയാണ് കാടിറങ്ങിയത്. പ്രഭാതഭക്ഷണം കാട്ടിലും ഉച്ച ഭക്ഷണം കാന്റീനിലും.
സന്ധ്യ പൂകും മുൻപേ വീടണയാന് കസാക്കിന്റെ ഇതിഹാസം പിറന്ന പാലക്കാടിന്റെ ഗ്രാമ വീഥികളിലൂടെ ഒരു മടക്കയാത്ര...
പടിഞ്ഞാർ സന്ധ്യാംബരം ചുവപ്പ് പരത്തുന്നു. പൊന്നുംകുടത്തിനൊരു പൊട്ട് എന്നപോലെ സൂര്യതമ്പ്രാൻ തിളങ്ങി നിൽക്കുന്നു.
മിന്നിമിനുങ്ങുന്ന താരകങ്ങൾക്ക് ആദിത്യൻ വഴിമാറി. മറ്റൊരു രാവുകൂടെ വിരുന്നുവന്നിരിക്കുന്നു ഈ യാത്രയുടെ നനുത്ത ലഹരിയിൽ ഞാൻ എവിടെയോ വീണുറങ്ങിപോയി.....
തിരിഞ്ഞുനോട്ടം :
മഞ്ചേരി - പാണ്ടിക്കാട് - മണ്ണാർക്കാട് - പാലക്കാട് - അമ്പർപാളയം - സേതുമട - ആനമല - പറമ്പിക്കുളം -
ആനമല - സേതുമട - അമ്പർപാളയം - മിനാക്ഷിപുരം - ചെർപ്പുളശ്ശേരി - പെരിന്തൽമണ്ണ -മഞ്ചേരി ; 343 കിലോമീറ്റർ.
ഫീ വിവരങ്ങൾ :
ആനമല ചെക്ക് പോസ്റ്റ് - നാലു ചക്ര വാഹനം മാത്രം പെർമിഷൻ.
കാർ - 100 രൂപ. പെർഹെഡ് - 30 രൂപ.
പറമ്പികുളം ചെക്ക് പോസ്റ്റ് -
കാർ - 75 രൂപ. പെർഹെഡ് - 23 രൂപ.
ക്യാമറ - 38 രൂപ.
താമസത്തിന് :
ഫാമിലി ഹട്ട് ശനി/ഞായർ ദിവസങ്ങളിൽ 6500 രൂപയും അല്ലാത്ത ദിവസങ്ങളിൽ 5500 രൂപയും,
ഡോർമെറ്ററി 40 പേർക്ക് സൗകര്യമുള്ളത് 13200 രൂപ ഒരു ദിവസം , സ്കൂൾ ക്യാമ്പിനു 40 പേർക്ക് 6600 രൂപ.
താമസ സംബന്ധ വിവരങ്ങൾക്ക് : 9487011685,9442201690,9442201691.


Related News

മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പു വരുത്താൻ ഇന്ന് "ലോക മൃഗ ദിനം"

access_timeOctober 04, 2019

ഒക്ടോബർ 4, മൃഗങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് ഓഫ് അസ്സീസ്സി യുടെ ഓർമ്മക്കായി , ലോക മൃഗ ദിനമായി ആചരിച്ചു പോരുന്നു. ഭൂമിയുടെ അവകാശികളായ

തൃക്കോവിൽ മഹാദേവ ക്ഷേത്രം

access_timeDecember 17, 2018

പുതപ്പള്ളി കവലയിലെ ആറാട്ട് സ്വീകരണം ഡിസംബർ 23 -ാം തീയതി തത്സമയം....

ഏറ്റുമാനൂർ ശീ മഹാദേവ ക്ഷേത്രം തിരുവുത്സവം 2018

access_timeFebruary 18, 2018

പഞ്ചാക്ഷരിമന്ത്രങ്ങളാൽ‍ മുഖരിതമായ അന്തരീക്ഷത്തിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തില്ൽ തീര്‍ഥാടകസഹസ്രങ്ങൾക്കു ദര്ശനപുണ്യം നൽകി