സുന്ദര കാഴ്ച സമ്മാനിക്കുന്ന ഷൊർണൂർ നിലംബൂർ ട്രെയിന്‍ യാത്ര

person access_timeOctober 19, 2017

അങ്ങിനെ ഞാനും പോയി ഷൊർണൂർ - നിലമ്പൂർ 20 രൂപ ടിക്കറ്റിൽ കിട്ടിയത് ഒരു വസന്തമായിരുന്നു. കമല്‍ സംവിധാനം ചെയ്ത കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലം എന്ന സംഗീതസാന്ദ്രമായ സിനിമ പുറത്തിറങ്ങിയ ശേഷം പ്രേക്ഷകര്‍ തിരക്കിയ റെയില്‍വേ സ്റ്റേഷന്‍. ഗ്രാമത്തിന്റെ സ്വച്ഛതയില്‍ പച്ചപ്പിന്റെ മേലപ്പണിഞ്ഞ ഹില്‍ സ്റ്റേഷനും റെയില്‍പാതയും ചിത്രത്തിന്റെ കനിവേകിയ കഥാപശ്ചാത്തലമായിരുന്നു. കൃഷ്ണഗുഡിയെന്ന സങ്കല്‍പഗ്രാമം ലൊക്കേഷനായ മനോഹരമായ റെയില്‍വേ സ്‌റ്റേഷനും ഗാനരംഗങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കിയ റെയില്‍പാതയും കേരളത്തില്‍ തന്നെയാണെന്നു വിശ്വസിക്കാന്‍ ആദ്യം പ്രയാസമായിരുന്നു. കൃഷ്ണഗുഡിയില്‍ എന്ന ഭാവനയില്‍ വിരിഞ്ഞ ഗ്രാമത്തിനായി ആന്ധ്രാപ്രദേശ് വരെ സംവിധായകന്‍ കമലും സംഘവും അലഞ്ഞു. ഒടുവില്‍ കൃഷ്ണഗുഡി ലൊക്കേഷനായത് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനും ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാതയുമായിരുന്നു. അത്രമേല്‍ ഹരിതാഭമായ കാഴ്ചകള്‍ വിരുന്നൊരുക്കുന്ന ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാത ടൂറിസ്റ്റ് ലൊക്കേഷനാകുകയാണ്. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബ്രോഡ് ഗേജ് റെയില്‍പാതയാണ് 66 കിലോമീറ്റര്‍ വരുന്ന ഷൊര്‍ണൂര്‍ -നിലമ്പൂര്‍ റോഡ് പാത. മഴത്തുള്ളികൾ ഇറ്റി വീഴുന്ന ട്രയിൻ ജനാലയിലൂെട ആൽമരവും തളിർത്ത തേക്കുകളും പച്ചപ്പ് തീർക്കുന്ന റയിൽ പാതയിലൂെട ഒരുയാത്ര. മൺസൂണിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ആർക്കും ആസ്വദിക്കാൻ കഴിയുന്ന യാത്ര.ഷൊർണൂർ നിലംബൂർ റൂടിെല 66 കിലോമീറ്റർ റയിൽ പാതയാണ് ഈ സുന്ദര കാഴ്ച സമ്മാനിക്കുന്നത്. മഴയേയും പച്ചപ്പ് നിറഞ്ഞ പ്രകൃതിയേയും അടുത്തറിയുന്ന തരത്തിൽ ചൂളം വിളിച്ചോടുന്ന ട്രയിനിന്റെ ഒാരോ സ്റ്റേഷനും പ്രകൃതിയോടിണങി നിർമിച്ചതാണ് കോൺക്രീറ്റും മറ്റും മേൽക്കൂരക്കുപയോഗിക്കുന്ന മറ്റു സ്റ്റേഷനുകളിൽ നിന്നും വ്യത്യസ്ഥമായി വെട്ടിയൊതുക്കിയ ആൽമരങൾ മേൽക്കൂരയാകുന്നത് വ്യത്യസ്തമായ കാഴ്ചയാണ് തീവണ്ടി ജാലകത്തിലൂടെ പ്രകൃതിയുടെ കാഴ്ചകളില്‍ അലിയാം. ഗ്രാമീണ സൗന്ദര്യത്തില്‍ മതിമറക്കാം. ഹൃദ്യമായ കാഴ്ചകളുടെ മാറിലൂടെയുള്ള ട്രെയിന്‍ യാത്ര പ്രശാന്തമായ വനപാത പോലെ സുന്ദരം. നഗരത്തിന്റെ മനം മടുപ്പിക്കുന്ന ആരവങ്ങള്‍ക്കിടയില്‍ നിന്നും തിരക്കുകളില്‍ നിന്നു മാറി തഴുകിയെത്തുന്ന കുളിര്‍കാറ്റും ശുദ്ധവായുവും ആസ്വദിച്ചു പ്രകൃതിയുടെ പാട്ടില്‍ ലയിച്ചു പച്ചപ്പില്‍ അഭിരമിച്ചു കഥകളുറങ്ങുന്ന തേക്കിന്റെ നാട്ടിലേക്കൊരു വണ്ടര്‍ഫുള്‍ ജേര്‍ണി. നിറമുള്ള കാഴ്ചകളൊരുക്കുന്ന റെയില്‍വേപാതയുടെ ദൃശ്യമനോഹാരിത യാത്രികരെ സ്വപ്‌നസഞ്ചാരികളാക്കുമെന്നതില്‍ സംശയമില്ല. പാടങ്ങളും പുഴകളും തേക്കിന്‍തോട്ടവും കുന്നുകളും ഗ്രാമീണസൗന്ദര്യവും ജാലകകാഴ്ചയൊരുക്കുന്ന പാതയിലെ ട്രെയിന്‍ യാത്ര നവ്യാനുഭൂതിയാണ് പകരുക. പച്ചപ്പിന്റെ ക്യാന്‍വാസില്‍ തീവണ്ടികള്‍ ചൂളം വിളിച്ചുപോകുന്ന ദൃശ്യം കാമറകണ്ണുകള്‍ക്കും പ്രിയപ്പെട്ടതാണ്. ഊട്ടി – മേട്ടുപ്പാളയം പാതയുടെ മിനിപതിപ്പെന്നു വിശേഷിപ്പിക്കാവുന്ന പാത വിനോദസഞ്ചാരികളുടെ മനംകവര്‍ന്ന റെയില്‍വേ റൂട്ടാണ്. നഗരത്തിരക്കുകളില്‍ നിന്നു മാറി ഗ്രാമകാഴ്ചകളിലൂടെ സഞ്ചരിക്കുന്ന തീവണ്ടി ചരിത്രഭൂമികയായ നിലമ്പൂരിലെത്തുമ്പോള്‍ കാഴ്ചയുടെ കലവറയൊരുക്കി വയ്ക്കുന്നു. ഷൊര്‍ണൂരില്‍ നിന്ന് കുലുക്കല്ലൂര്‍ വരെ പാലക്കാടന്‍ കാറ്റ് ആവോളം ആസ്വദിച്ചു കുന്തിപ്പുഴ കടക്കുന്നത് മലപ്പുറത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണിലേക്കാണ്. വള്ളുവനാടും ഏറനാടും ചരിത്രങ്ങളേറെ പറഞ്ഞ് പച്ചപ്പുകളിലൂടെ കൂകിപ്പായുന്നു. നടപ്പാതകള്‍, പുഴകള്‍, പാടങ്ങള്‍, കൊക്കുകളുടെ നീണ്ട നിര, മയിലുകള്‍, പാടത്തെ വെള്ളക്കെട്ടില്‍ കാല്‍പന്തുകളിക്കുന്ന കുരുന്നുകള്‍, പേരാല്‍മരങ്ങള്‍, തേക്കുമരങ്ങള്‍ എന്നിവ കാഴ്ചയുടെ സിംഫണി ഒരുക്കുന്നു. കുന്തിപ്പുഴ, ചാലിയാര്‍, വെള്ളിയാര്‍പുഴ, ഒലിപ്പുഴ, വാണിയമ്പലം പാറ എന്നിവയും കാഴ്ചയുടെ വിരുന്നൊരുക്കുന്നു.തേക്ക് മരങ്ങളാണ് പാതയിലെ പ്രധാന ആകര്‍ഷണം. മണ്‍സൂണ്‍ സമയങ്ങളില്‍ ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാത കാഴ്ചകളുടെ മഴത്തുള്ളികിലുക്കം ഒരുക്കും. മണ്‍സൂണ്‍ വിരുന്നിനെ ട്രെയിന്‍ ജാലകത്തിലൂടെ ഒപ്പിയെടുക്കാം. ഇക്കോ ഫ്രണ്ട്‌ലി പാതയില്‍ പ്രകൃതിയോട് പ്രണയവും പങ്കുവയ്ക്കാം. ശുദ്ധമായ വായുവും കാറ്റും അനുഭവവേദ്യമാക്കാം. പാലക്കാട് ഡിവിഷന്റെ കീഴിലുള്ള പാത മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖലയിലൂടെയാണ് കടന്നുപോകുന്നത്. കുലക്കല്ലൂരിനും ചെറുകരക്കും ഇടയിലുള്ള കുന്തിപ്പുഴയും പട്ടിക്കാടിനും മേലാറ്റൂരിനും ഇടയിലുള്ള കടലുണ്ടിയുടെ പോഷകനദിയായ വെള്ളിയാര്‍ പുഴയും മേലാറ്റൂരിനും, തുവ്വൂരിനും ഇടയിലുള്ള കടലുണ്ടിയുടെ മറ്റൊരു പോഷകനദിയായ ഒലിപ്പുഴയും വാണിയമ്പലത്തിനും നിലമ്പൂര്‍ റോഡിനു ഇടയിലുള്ള ചാലിയാറിന്റെ പോഷകനദിയായ കുതിരപ്പുഴയും യാത്രയിലെ കാഴ്ചകളാണ്. നിലമ്പൂര്‍- ഷൊര്‍ണൂര്‍ ലൈനില്‍ വാണിയമ്പലം, തൊടിയപ്പുലം, തുവ്വൂര്‍, മേലാറ്റൂര്‍, പട്ടിക്കാട്, അങ്ങാടിപ്പുറം, ചെറുകര, കുലുക്കല്ലൂര്‍, വല്ലപ്പുഴ, വാടാനകുറുശ്ശി എന്നിവയാണ് സ്‌റ്റേഷനുകള്‍. കേരളത്തിലെ ഏറ്റവും മനോഹരമായ തീവണ്ടിപ്പാതയിലൂടെ പ്രകൃതിയുടെ മനോഹരദൃശ്യങ്ങള്‍ കണ്ടുകൊണ്ടായിരുന്നു നിലമ്പൂര്‍ കാടുകളിലേക്ക് യാത്ര. തീവണ്ടിയുടെ ജാലകത്തിലൂടെ മിന്നിമറഞ്ഞതിനുമപ്പുറം കാഴ്ചയുടെ കാണാസ്വര്‍ഗങ്ങള്‍ തീര്‍ക്കുകയായിരുന്നു നിലമ്പൂര്‍ കാടുകള്‍. കാടിന്‍റെ വിശാലതക്കും പക്ഷികളുടെ നിലക്കാത്ത സംഗീതത്തിനുമൊപ്പം ഇരുമ്പ് പാലത്തിനുതാഴെ ഇരുവശങ്ങളിലുമുള്ള ഇലകളെയും പൂക്കളെയും നിരന്തരം കുതിര്‍ത്തൊഴുകുന്നു. ചോലകള്‍ നിലമ്പൂര്‍ കാടിനെ എന്നും ചലിപ്പിച്ചുകൊണ്ടേയിരിക്കുന്നത് ചെറിയൊരിരമ്പത്തോടെ ഒഴുകിയിറങ്ങുന്ന ഈ ചോലകളാണ്…മലപ്പുറം ജില്ലയുടെ കിഴക്കെ അറ്റത്തുള്ള ഒരു ചെറിയ പട്ടണം. പച്ചപ്പില്‍ പൊതിഞ്ഞുകിടക്കുന്ന വനനിബിഡമായ പ്രദേശം. തേക്ക്,ഈട്ടി, തുടങ്ങി വിലപിടിപ്പുള്ള നിരവധി വൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞുനില്‍ക്കുന്ന സുന്ദരമായ ദൃശ്യങ്ങളാല്‍ യാത്രികരെ എപ്പോഴും ഈ നാട് വരവേല്‍ക്കുന്നു. ചരിത്രശേഷിപ്പുകളുടെ മങ്ങാത്ത ഓര്‍മക്കാഴ്ച്ചകള്‍…കൂടുതല്‍ അറിയും തോറും നിലമ്പൂര്‍ കാഴ്ച്ചകള്‍ക്ക് മാധുര്യമേറുകയാണ്. പിന്നെയും പിന്നെയും ആരോ കിനാവിന്റെ എന്ന മൂളിപ്പാട്ടുംപാടി യാത്ര തുടരുകയാണ്. ഓരോ സഞ്ചാരിയും ആശിച്ചുപോകും ഒരിക്കല്‍ കൂടി ഈ പാതയില്‍ സഞ്ചാരിക്കാന്‍. By: Nikhil Ramesh


Related News

മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പു വരുത്താൻ ഇന്ന് "ലോക മൃഗ ദിനം"

access_timeOctober 04, 2019

ഒക്ടോബർ 4, മൃഗങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് ഓഫ് അസ്സീസ്സി യുടെ ഓർമ്മക്കായി , ലോക മൃഗ ദിനമായി ആചരിച്ചു പോരുന്നു. ഭൂമിയുടെ അവകാശികളായ

തൃക്കോവിൽ മഹാദേവ ക്ഷേത്രം

access_timeDecember 17, 2018

പുതപ്പള്ളി കവലയിലെ ആറാട്ട് സ്വീകരണം ഡിസംബർ 23 -ാം തീയതി തത്സമയം....

ഏറ്റുമാനൂർ ശീ മഹാദേവ ക്ഷേത്രം തിരുവുത്സവം 2018

access_timeFebruary 18, 2018

പഞ്ചാക്ഷരിമന്ത്രങ്ങളാൽ‍ മുഖരിതമായ അന്തരീക്ഷത്തിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തില്ൽ തീര്‍ഥാടകസഹസ്രങ്ങൾക്കു ദര്ശനപുണ്യം നൽകി