കൊല്‍ക്കത്തയ്‌ക്കു രണ്ടാം കിരീടം

person access_timeDecember 19, 2016

കൊച്ചി: ആവേശത്തിന്റെ മഞ്ഞക്കടലിരമ്പിയ കൊച്ചിയിലെ നിറഗാലറിയെ കണ്ണീരണിയിച്ച്‌ ഇന്ത്യന്‍ സൂപ്പര്‍ലീഗ്‌ (ഐ.എസ്‌.എല്‍) ഫുട്‌ബോള്‍ മൂന്നാം സീസണില്‍ കിരീടം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്ക്‌. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 നാണ്‌ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ കൊല്‍ക്കത്ത മുട്ടുകുത്തിച്ചത്‌.
നിശ്‌ചിത സമയത്തും അധിക സമയത്തും 1-1 ന്‌ മല്‍സരം സമനിലയിലായതോടെയാണു ഷൂട്ടൗട്ടില്‍ വിധി നിര്‍ണയിച്ചത്‌. മൂന്നുവര്‍ഷത്തെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ രണ്ടാംവട്ടവും കലാശപ്പോരില്‍ കൊല്‍ക്കത്തയ്‌ക്കുമുന്നില്‍ കാലിടറാനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനു വിധി.
ഷൂട്ടൗട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ ഷോട്ടെടുത്ത അന്റോണിയോ ജര്‍മന്‍ അനായാസം പന്ത്‌ വലയിലെത്തിച്ചപ്പോള്‍ കൊല്‍ക്കത്തയുടെ സൂപ്പര്‍താരം ഇയാന്‍ ഹ്യൂമിന്റെ ഷോട്ട്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഗോളി ഗ്രഹാം സ്‌റ്റാക്ക്‌ വലത്തേക്കു ഡൈവ്‌ ചെയ്‌ത്‌ തടുത്തിട്ടു. രണ്ടാം കിക്കെടുത്ത ബെല്‍ഫോര്‍ട്ടും ലക്ഷ്യം കണ്ടതോടെ ബ്ലാസ്‌റ്റേഴ്‌സ്‌ 2-0ന്‌ മുന്നില്‍. കൊല്‍ക്കത്തയ്‌ക്കായി സമീഗ്‌ ദൗതിയെടുത്ത കിക്ക്‌ വലയില്‍ കയറിയപ്പോള്‍ ഗോള്‍നില 2-1. ബ്ലാസ്‌റ്റേഴ്‌സിന്റെ എല്‍ഹാദ്‌ജി നോയെയുടെ കിക്ക്‌ പോസ്‌റ്റിന്‌ മുകളിലൂടെ പറന്നപ്പോള്‍ കൊല്‍ക്കത്തയ്‌ക്കായി ബോര്‍ജ ഫെര്‍ണാണ്ടസ്‌ പന്ത്‌ വലയിലെത്തിച്ചതോടെ സ്‌കോര്‍ 2-2. പിന്നീടു കിക്കെടുത്ത മുഹമ്മദ്‌ റഫീഖ്‌ ബ്ലാസ്‌റ്റേഴ്‌സിനായും ജാവി ലാറ കൊല്‍ക്കത്തയ്‌ക്കുവേണ്ടിയും ഗോളിമാരെ കീഴ്‌പ്പെടുത്തി. ബ്ലാസ്‌റ്റേഴ്‌സിനായി നാലാം കിക്കെടുത്ത സെഡ്രിങ്‌ ഹെങ്‌ബര്‍ട്ടിന്റെ ഷോട്ട്‌ കൊല്‍ക്കത്ത ഗോളി തടുത്തിട്ടതോടെ ഗ്യാലറി തലയില്‍ കൈവച്ചു. തൊട്ടുപിന്നാലെ കൊല്‍ക്കത്തയുടെ ജുവല്‍ രാജയുടെ ഷോട്ട്‌ വലയില്‍ കയറിയതോടെ കൊല്‍ക്കത്ത ഐ.എസ്‌.എല്‍. മൂന്നാം പതിപ്പിന്റെ ചാമ്പ്യന്മാരായി. നേരത്തെ മലയാളി താരം മുഹമ്മദ്‌ റാഫിയിലൂടെ ബ്ലാസ്‌റ്റേഴ്‌സാണ്‌ ഫൈനലിലെ ആദ്യഗോള്‍ നേടിയത്‌. മെഹ്‌താബ്‌ ഹുസൈന്റെ കോര്‍ണര്‍കിക്കില്‍ തലവച്ചാണ്‌ റാഫി സീസണിലെ തന്റെ രണ്ടാം ഗോള്‍ നേടിയത്‌.
പക്ഷേ, ബ്ലാസ്‌റ്റേഴ്‌സിന്റെ ആഹ്‌ളാദത്തിന്‌ ആറുമിനിട്ടിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. 44-ാം മിനിറ്റില്‍ പോര്‍ച്ചുഗീസ്‌ താരം സെറിനോയിലൂടെ കൊല്‍ക്കത്ത തിരിച്ചടിച്ചു (1-1). രണ്ടാം പകുതിയിലും അധികസമയത്തും ഇരുടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നതോടെയാണ്‌ ഷൂട്ടൗട്ടില്‍ ജേതാക്കളെ നിശ്‌ചയിച്ചത്‌.


Related News

മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പു വരുത്താൻ ഇന്ന് "ലോക മൃഗ ദിനം"

access_timeOctober 04, 2019

ഒക്ടോബർ 4, മൃഗങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് ഓഫ് അസ്സീസ്സി യുടെ ഓർമ്മക്കായി , ലോക മൃഗ ദിനമായി ആചരിച്ചു പോരുന്നു. ഭൂമിയുടെ അവകാശികളായ

തൃക്കോവിൽ മഹാദേവ ക്ഷേത്രം

access_timeDecember 17, 2018

പുതപ്പള്ളി കവലയിലെ ആറാട്ട് സ്വീകരണം ഡിസംബർ 23 -ാം തീയതി തത്സമയം....

ഏറ്റുമാനൂർ ശീ മഹാദേവ ക്ഷേത്രം തിരുവുത്സവം 2018

access_timeFebruary 18, 2018

പഞ്ചാക്ഷരിമന്ത്രങ്ങളാൽ‍ മുഖരിതമായ അന്തരീക്ഷത്തിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തില്ൽ തീര്‍ഥാടകസഹസ്രങ്ങൾക്കു ദര്ശനപുണ്യം നൽകി